November 27, 2024, 10:20 pm

ഫേസ് ഇന്റർനാഷണൽ ചാരിറ്റി അവാർഡ് ജനുവരി 13ന് നൽകും

ആഗോള തലത്തിൽ പ്രവർത്തിക്കുന്ന മികച്ച സാമൂഹ്യ പ്രവർത്തകന് ഫേസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാജ്യാന്തര ചാരിറ്റി അവാർഡ് അമേരിക്കയിലെ സാമൂഹ്യ,ജീവകാരുണ്യ പ്രവർത്തകനായ ഡോ. ജേക്കബ് ഈപ്പന് ശനിയാഴ്‌ച സമ്മാനിക്കും. പട്ടിണിക്കാരില്ലാത്ത കൊച്ചിയെന്ന ആശയവുമായി 2011 ൽ ജസ്റ്റിസ് വി.ആർ കൃഷ്‌ണയ്യർ മുഖ്യ രക്ഷാധികാരിയായി പ്രവർത്തനം ആരംഭിച്ച ഫേസ് ഫൗണ്ടേഷൻ 13 വർഷം പിന്നിടുന്ന വേളയിലാണ് ആഗോള ചാരിറ്റി പുരസ്‌കാരം ഏർപ്പെടുത്തിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡിനർഹരായവർക്ക് നൽകുകയെന്ന് ഫേസ് ഫൗണ്ടേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഫേസ് ഫൗണ്ടേഷൻ മാനേജിങ്ങ് ട്രസ്റ്റി ടി.ആർ ദേവൻ, ട്രഷറർ ആർ. ​ഗിരീഷ്, ഓഡിറ്റർ എ.എസ് രാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

അവാർഡ് ജേതാവ് ജേക്കബ് ഈപ്പൻ, വടക്കെ അമേരിക്കയിലെ മലയാളികളുടെ സംഘടനയായ ഫൊക്കാനയുടെ വൈസ് പ്രസിഡന്റ് കൂടിയാണ്, കാലിഫോർണിയയിലെ ഏറ്റവും വലിയ പൊതുജനാരോഗ്യ സംവിധാനമായ അലമെട ഹെൽത്ത് സിസ്റ്റംസിൽ മൂപ്പത് വർഷത്തോളം പ്രവർത്തിച്ച ശേഷം മെഡിക്കൽ ഡയറക്‌ടറായി വിരമിച്ചു. സ്റ്റാൻഫോർഡ് സർവകലാശാല, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ എന്നിവിടങ്ങളിൽ ഉപരിപഠനം പൂർത്തിയാക്കിയ ജേക്കബ് ഈപ്പൻ യൂ എൻ ഹൈകമീഷണർ ഫോർ റെഫ്യൂജീസിൽ 60000 ഇൻഡോ ചൈനീസ് അഭയാർഥികളുടെ ചുമതലയുമായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. കാലിഫോർണിയയിലെ ഫ്രേമോണ്ട് വാഷിംഗ്‌ടൺ ഹോസ്‌പിറ്റൽ ഡയറക്ടർ ബോർഡംഗമായി തുടർച്ചയായി ആറു പൊതു തെരഞ്ഞെടുപ്പുകളിൽ വിജയിച്ച അദ്ദേഹം നിലവിൽ ബോർഡ് അധ്യക്ഷനാണ്. വഴിയോര കച്ചവടക്കാരെയും വീടുകളിൽ ഭക്ഷണം ഉണ്ടാക്കി വിറ്റഴിച്ച് ഉപജീവനം നടത്തുന്ന സാധാരണക്കാരെയും പ്രോത്സാഹിപ്പിക്കുന്ന സ്ട്രീറ്റ് ഫുഡ് വ്ളോഗർ അബ്ദുൾ ഹക്കീം , 25 വർഷമായി രോഗികളെ സൗജന്യമായി ചികിത്സിച്ച് വരുന്ന ജവഹർ നഗർ സ്വദേശി ഡോ.ഗ്രേസ് തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും.

ജനുവരി 13 ന് എറണാകുളം ഇ എം എസ് ടൗൺ ഹാളിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങ് ക്രിക്കറ്റ് അസോസിയേഷൻ ഫോർ ദി ബ്ലൈൻഡ് ഇൻ ഇന്ത്യ ചെയർമാനും ബിസിസിഐ യുടെ ഡിസേബിൾഡ് ക്രിക്കറ്റ് കമ്മിറ്റി അംഗവും ഡിസെബിലിറ്റി ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്റും ബെംഗളൂരു സമർത്ഥനം ട്രസ്റ്റ് സ്‌ഥാപക മാനേജിംഗ് ട്രസ്റ്റിയുമായ ഡോ മഹന്തേഷ് ഘട്ടിവളപ്പ കിവഡസന്നവർ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.എൻ രവീന്ദ്രൻ അവാർഡ് ജേതാവിനെ ആദരിക്കും. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയാകും. ഐബി എം ബിസിനസ് പാർട്‌ണർ ഗിൽഡ് സിസ്റ്റംസ് സഹ സ്‌ഥാപകനും മാനേജിംഗ് പാർട്‌ണറുമായ ഓം ബച്ചു വിശിഷ്ടാതിഥിയായി പങ്കെടുക്കും.ഫേസ് ഫൗണ്ടേഷൻ ചെയർമാൻ പ്രൊഫ എം കെ സാനു അധ്യക്ഷത വഹിക്കും.

പതിമ്മൂന്ന് വർഷം മുൻപ് പ്രവർത്തനമാരംഭിച്ച ഫേസ് ഫൗണ്ടേഷൻ ദിവസേനയുള്ള അന്നദാനത്തിന് പുറമെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ്. ഫേസ് ഫൗണ്ടേഷൻ 2019 ൽ അഞ്ച് കുടുംബങ്ങൾക്കായി ആരംഭിച്ച അക്ഷയപാത്രം പദ്ധതിയിലൂടെ ഇന്ന് 173 കുടുംബങ്ങൾക്കാണ് എല്ലാ മാസവും ഭക്ഷ്യധാന്യ കിറ്റുകൾ നൽകുന്നത് ഒരു കുടുംബത്തിലെ നാല് പേർക്ക് ഒരു മാസം കഴിയാനുള്ള ഉത്പന്നങ്ങളാണ് പ്രതിമാസം നൽകി വരുന്നത് ഗാന്ധിനഗറിലെ ഫേസ് ഊട്ടുപുരയിൽ പ്രതിദിനം നൂറ്റി അൻപതിലേറെ പേർക്ക് സൗജന്യ ഭക്ഷണം നൽകി വരുന്നു. പ്രതിദിനം 842 പേരുടെ വിശപ്പകറ്റുന്ന ഫേസ് ഫൗണ്ടേഷൻ പിന്നിട്ട വർഷങ്ങളിൽ പതിനഞ്ച് ലക്ഷത്തോളം പേരുടെ വിശപ്പകറ്റിയിട്ടുണ്ട്. ഗാന്ധിനഗറിലെ ഫേസ് ആസ്‌ഥാനത്ത് വിശക്കുന്ന വയറുമായി ഏത് സമയത്ത് എത്തിയാലും ഭക്ഷണം ലഭിക്കും. ഫേസ് ഫൗണ്ടേഷൻ പുതുതായി ആരംഭിച്ച വസ്ത്രനിധി പദ്ധതിയിലൂടെ എല്ലാ വെള്ളിയാഴ്‌ചകളിലും പാവപ്പെട്ടവർക്ക് സൗജന്യമായി വസ്ത്രങ്ങൾ ലഭ്യമാക്കി വരുന്നു.

You may have missed