ഫ്ലക്സ് കെട്ടുന്നതിനിടയിൽ അപകടത്തിൽപെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം
യഷിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ടുള്ള ഫ്ലക്സ് കെട്ടുന്നതിനിടയിൽ അപകടത്തിൽപെട്ട് മരിച്ച ആരാധകരുടെ വീട്ടിലെത്തി താരം. യാഷ് അനുശോചനം രേഖപ്പെടുത്തി, തന്നോടുള്ള നിങ്ങളുടെ സ്നേഹം പ്രകടിപ്പിക്കാനുള്ള വഴി ഇതല്ലെന്ന് പറഞ്ഞു.കർണാടകത്തിലെ ഗദക് ജില്ലയിലെ സുരാനഗി ഗ്രാമത്തിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. പ്രദേശവാസികളായ ഹനുമന്ത് ഹരിജൻ (21), മുരളി നടുവിനാമണി (20), നവീൻ ഗാജി (19) എന്നിവരാണ് മരിച്ചത്.
ഇതുപോലുള്ള ദാരുണമായ സംഭവങ്ങൾ ഈ ജന്മദിനത്തിൽ എന്നെ ഏറെ വേദിപ്പിക്കുകയും ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്, യഷ് പറഞ്ഞു.അപകടകരമായ സെൽഫികൾ എടുക്കരുത് എന്ന് അഭ്യർത്ഥിക്കുന്നു. എന്റെ എല്ലാ പ്രേക്ഷകർക്കും ആരാധകർക്കും വേണ്ടിയാണ് ഞാൻ പ്രവർത്തിക്കുന്നത്. ജീവിതത്തിൽ നിങ്ങൾ ഉയരങ്ങളിലെത്താൻ ശ്രമിക്കുക’, നടൻ വ്യക്തമാക്കി.തിങ്കളാഴ്ചയായിരുന്നു യഷിന്റെ പിറന്നാൾ. ആശംസകൾനേർന്ന് റോഡരികിൽ കട്ടൗട്ട് സ്ഥാപിക്കുമ്പോഴായിരുന്നു അപകടം. സ്റ്റീൽഫ്രെയിമിൽ സ്ഥാപിച്ച കട്ടൗട്ട് ഉയർത്താൻ ശ്രമിക്കുന്നതിനിടെ മുകളിലുണ്ടായിരുന്ന വൈദ്യുതലൈനിൽ സ്പർശിക്കുകയായിരുന്നു.