സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ
കണ്ണൂരിൽ കടബാധ്യതയെ തുടർന്ന് കർഷകൻ ആത്മഹത്യ ചെയ്തു. നടുവിൽ പാത്തൻപാറ സ്വദേശി ജോസ് (63) ആണ് മരിച്ചത്. കൃഷി നശിച്ചതിൽ മനോവിഷമത്തിലായിരുന്നു, സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും കുടുംബം പറയുന്നു.സുഹൃത്തിന്റെ വീട്ടുവളപ്പിലാണ് മുണ്ടിൽ തൂങ്ങിയ നിലയിൽ ജോസിനെ കണ്ടത്. ജോസിന് പത്ത് സെന്റ് സ്ഥലമാണ് ഉടമസ്ഥതയിലുള്ളത്.
വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ വർഷങ്ങളായി വാഴക്കൃഷി നഷ്ടത്തിലുമായിരുന്നു. വ്യക്തികൾക്കും സ്വാശ്രയ സംഘത്തിലുമായി ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായിരുന്നു. സ്വാശ്രയ സംഘത്തിലും 2 ലക്ഷം വായ്പയുണ്ടായിരുന്നു. ഭൂമി പാട്ടത്തിനെടുത്താണ് ജോസ് കൃഷി ചെയ്തിരുന്നത്. രണ്ടായിരത്തി അഞ്ഞൂറോളം വരുന്ന വാഴ കൃഷി പൂർണമായും നശിച്ചു.അടവ് മുടങ്ങിയതിനാലാണ് സ്വാശ്രയ സംഘത്തിലെത്തിയത്. തുടർന്ന് ഇപ്പോൾ വരാമെന്ന് പറഞ്ഞ് ജോസ് തിരിച്ചു പോവുകയായിരുന്നു.