കൊച്ചി ധനുഷ്‌കോടി ദേശീയപാതയിൽ മൂന്നാർ മുതൽ ബോഡിമെട്ട് വരെ നടത്തിയ നവീകരണത്തിന്റെ ഉദ്‌ഘാടനം ഇന്ന്

സാമൂഹിക മാധ്യമങ്ങളിലടക്കം വന്‍ ഹിറ്റായി മാറിയ മൂന്നാര്‍-ബോഡിമെട്ട് റോഡ് (ഗ്യാപ് റോഡ്) ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഇന്ന് വൈകിട്ട് 3.45 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി ഓൺലൈനായി ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി എ മുഹമ്മദ് റിയാസാണ് നവീകരണത്തിന്റെ വിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. 42 കിലോമീറ്റര്‍ റോഡ് ഉന്നത നിലവാരത്തിലാണ് വീതികൂട്ടി പുനര്‍നിര്‍മിച്ചിരിക്കുന്നത്. ഇതോടെ ദേശീയപാതയിലൂടെയുള്ള യാത്രാ ബുദ്ധിമുട്ടുകള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും.
2017 ഒക്ടോബറിൽ ദേശീയപാതയുടെ നവീകരണത്തിനായി കേന്ദ്രസർക്കാരിൽ നിന്ന് 481.76 കോടി രൂപ അനുവദിച്ചിരുന്നു.തമിഴ്നാട് അതിർത്തി പ്രദേശമായ ബോഡി, തേനി എന്നിവിടങ്ങളിലേക്ക് വേഗത്തിൽ എത്താം. സർക്കാരും പ്രത്യേക ശ്രദ്ധ നേടി.മൂന്നാര്‍ മുതല്‍ ബോഡിമെട്ടുവരെ തീരെ ഇടുങ്ങിയ റോഡായിരുന്നു. നാല് മീറ്റര്‍ മാത്രമായിരുന്നു വീതി, തമിഴ്നാട്ടില്‍നിന്ന് റോഡ് മാര്‍ഗം മൂന്നാറില്‍ എത്തുന്നവര്‍ക്ക് ഇതുവഴിയുള്ള യാത്ര വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കിയിരുന്നത്.ഈ പ്രശ്നം പരിഹരിക്കുന്നതിനായാണ് ദേശീയപാതാ വികസനത്തിന്റെ ഭാഗമായി 2017 സെപ്റ്റംബറില്‍ ഈ ഭാഗത്തിന്റെ നവീകരണം തുടങ്ങിയത്. സംസ്ഥാന സർക്കാരിന്റെ പദ്ധതി നിർദേശം അംഗീകരിച്ച കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിക്കും പ്രവൃത്തി പൂർത്തിയാക്കാൻ പ്രയത്നിച്ച പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കും എംഎൽഎമാർ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ജനങ്ങൾക്കും മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രത്യേക നന്ദി അറിയിച്ചു.