ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയായി
ബോളിവുഡ് താരം ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സിനിമ ലോകം ആഘോഷമാക്കിയിരിക്കുന്നത്. ദീർഘകാല സുഹൃത്തും സെലിബ്രിറ്റി ഫിറ്റ്നസ് ട്രെയിനറുമായ നൂപുർ ഷിഖാരെയാണ് വരൻ. മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ വെച്ചായിരുന്നു വിവാഹം.വളരെ രസകരമായാണ് നുപൂർ വിവാഹ വേദിയിൽ എത്തിയത്.വിവാഹ രജിസ്ട്രേഷനുശേഷം ഇതേ ഹോട്ടലിൽത്തന്നെ വിരുന്ന് സത്കാരവും നടന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ഇറ്റലിയിലായിരുന്നു ഇറയും നുപൂറും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.
ലെഹങ്ക ബ്ലൗസിനും ഡുപ്പട്ടയ്ക്കുമൊപ്പം പട്യാല പൈജാമയാണ് ഇറ ധരിച്ചത്. വിവാഹ വേദിയിലെത്തിയ ശേഷം നുപൂർ കുർത്തിയും ധരിച്ചിരുന്നു.വിവാഹത്തിനു മുന്നോടിയായി റീന ദത്തയുടെ വീട്ടിൽ ആഘോഷ പരിപാടികളും നടന്നിരുന്നു. വരൻ നുപൂർ ശിഖരെയുടെ വീട്ടിൽ കഴിഞ്ഞ ദിവസം മഹാരാഷ്ട്രാ ആചാര പ്രകാരമുള്ള കേൾവൻ ആഘോഷങ്ങളും നടന്നു. മാനസികാരോഗ്യത്തിന് പിന്തുണ നൽകുന്ന സംഘടനയുടെ സ്ഥാപകയും സി.ഇ.ഓയുമാണ് ഇറ ഖാൻ. വിവാഹച്ചടങ്ങുകളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.