കുട്ടിക്കർഷകർക്ക് ആശ്വസമായി മന്ത്രിമാരും സിനിമ ലോകവും
തൊടുപുഴ വെള്ളിയാമറ്റത്ത് 13 കന്നുകാലികളെ നഷ്ടമായ മാത്യു ബെന്നി (15) എന്ന പത്താം ക്‌ളാസുകാരന് ജയറാം ഉൾപ്പെടെയുള്ള പ്രമുഖ സിനിമ നടന്മാരും മന്ത്രിമാരും ധനസഹായവും ആയി എത്തി. കപ്പത്തണ്ട് കഴിച്ച 13 പശുക്കളാണ് മാത്യുവിന്റെ ഫാർമിൽ ചത്തുകിടന്നത്. കപ്പത്തണ്ടിലെ സൈനൈഡാണ് പശുക്കളുടെ ജീവൻ എടുത്തത് എന്നാണ് പ്രാഥമിക നിഗമനം.
മന്ത്രിമാരായ ജെ.ചിഞ്ചുറാണി, റോഷി അഗസ്റ്റിന്‍ എന്നിവർ ഉപജീവനമാര്‍ഗം നഷ്ടമായ കുട്ടിക്കര്‍ഷകരുടെ വീട്ടില്‍ ആശ്വാസവുമായി എത്തിയിരുന്നു. കന്നുകാലികള്‍ കൂട്ടത്തോടെ ചത്തതിനെ ദുരന്തമായാണ് സര്‍ക്കാര്‍ കാണുന്നതെന്ന് ക്ഷീരവികസന വകുപ്പുമന്ത്രി ചിഞ്ചുറാണി വ്യക്തമാക്കി. ആവശ്യമായ എല്ലവിധ സഹായവും ഉണ്ടാകുമെന്ന് മന്ത്രിമാർ അറിയിച്ചു. കുട്ടികൾക്ക് അടിയന്തിരമായി സർക്കാർ അഞ്ച് പശുക്കളെ നൽകും. മാട്ടുപ്പെട്ടിയിൽനിന്ന് എത്തിക്കുന്ന നല്ലയിനം പശുക്കളെയാണ് നൽകുന്നത്. ഒരു മാസത്തേക്കുള്ള കാലിത്തീറ്റയും സൗജന്യമായി നൽകും. ഇന്നുതന്നെ മിൽമ അടിയന്തര സഹായമായി 45,000 രൂപ ഇവർക്കു കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാര്‍ക്കു പിന്നാലെ നടന്‍ ജയറാമും അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘അബ്രാഹം ഓസ്‌ലറിന്റെ’ അണിയറപ്രവര്‍ത്തകരും സഹായവുമായി ഇവരുടെ വീട്ടിലെത്തി. മാത്യു അനുഭവിച്ച അതേ വിഷമം ആറു വർഷം മുൻപ് താനും അനുഭവിച്ചിട്ടുണ്ടെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും ജയറാം പറഞ്ഞു. കിഴക്കേപറമ്പിൽ മാത്യുവിനും കുടുംബത്തിനും ജയറാം അഞ്ചു ലക്ഷം രൂപയാണ് കൈമാറിയത്.
മാത്യു അനുഭവിച്ച അതേ വിഷമം ആറു വർഷങ്ങൾക്ക് മുൻപു താനും അനുഭവിച്ചിട്ടുണ്ട്. തൻ്റെ ഫാമിലെ 22 പശുക്കളാണ് വയറുവീർത്ത് ചത്തത്. പുല്ലിലോ ഇലയിൽനിന്നോ വരുന്ന വിഷാംശമാണ് മരണകാരണമായി പറഞ്ഞത്. എന്നാൽ ഇത് എങ്ങനെ സംഭവിച്ചുവെന്ന് അറിയില്ല. തൻ്റെ വീട്ടിലെ ഓരോ പശുക്കളെയും താനും ഭാര്യയും മക്കളും ചേർന്നാണ് വാങ്ങിയത്. ഓരോന്നിന്നും പേരിട്ടത് മോനും മോളുമാണ്. അത് നഷ്ടപ്പെടുക എന്നത് വല്ലാത്ത അവസ്ഥയാണ്. 22 പശുക്കളെയും ജെസിബികൊണ്ട് മൂടുന്ന സമയത്ത് താനും ഭാര്യയും പൊട്ടിക്കരഞ്ഞുവെന്നും ജയറാം പറഞ്ഞു.
ഇന്ന് രാവിലെ പത്രം തുറന്നപ്പോൾ സഹിക്കാൻ പറ്റിയില്ല. ‘എബ്രഹാം ഓസ്‍ലർ’ എന്ന തൻ്റെ സിനിമയുടെ ഓഡിയോ, ട്രെയിലർ ലോഞ്ച് നാളെ നടത്താൻ നിശ്ചയിച്ചിരുന്നു. പൃഥ്വിരാജാണ് ലോഞ്ച് നിർവഹിക്കാനിരുന്നത്. വെള്ളിയാമറ്റത്തെ ഈ സംഭവത്തെ തുടർന്ന് സിനിമയുമായി ബന്ധപ്പെട്ടവരെയെല്ലാം വിളിച്ചു സംസാരിച്ചു. നാളെ ഈ ചടങ്ങ് നടത്താതിരുന്നാൽ ഏകദേശം അഞ്ചു ലക്ഷത്തോളം രൂപ മാറ്റിവെക്കാനാകും. അതുകൊണ്ട് ഈ കുഞ്ഞുങ്ങൾക്ക് 10 പശുവിനെ എങ്കിലും വാങ്ങാൻ സാധിക്കും. കുഞ്ഞുങ്ങളെ നേരിട്ടുകണ്ട് തുക കൈമാറാനാണ് എത്തിയതെന്നും ജയറാം വ്യക്തമാക്കി.
താൻ എപ്പോഴും പശുക്കളെ എടുക്കുന്നത് കൃഷ്ണഗിരിയിൽ നിന്നാണ്. നീ കൂടെ വരുവാണേ കൃഷ്ണഗിരിയിൽനിന്ന് 70,000 രൂപ വിലവരുന്ന എച്ച്എഫ് പശുക്കളെ 35,000 രൂപയ്ക്ക് വാങ്ങിത്തരാമെന്നും ജയറാം മാത്യുവിനോട് പറഞ്ഞു. പൃഥ്വിരാജ് രണ്ട് ലക്ഷവും മമ്മൂട്ടി ഒരു ലക്ഷം രൂപയും കുട്ടികൾക്ക് കൈമാറും. ഇത്രയും അധികം സഹായം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് കുട്ടിക്കർഷകൻ മാത്യു പറഞ്ഞു. സഹായങ്ങൾ ലഭിച്ചതിൽ വലിയ സന്തോഷം. പശു വളർത്തൽ ഇനിയും ഊർജിതമായി നടത്തുമെന്നും മാത്യു പറഞ്ഞു.