ബാല സ്വരൂപൻ രാമൻ അയോദ്ധ്യ പ്രതിഷ്ഠ
അയോധ്യയിലെ പുതിയ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ രാമ വിഗ്രഹം തിരഞ്ഞെടുത്തു. രാമന്റെ ബാലരൂപമാണ് പ്രതിഷ്ഠയായി തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. മൈസൂരിലെ ശിൽപ്പി യോഗിരാജ് അരുൺ ആണ് രാമന്റെ ബാല വിഗ്രഹം നിര്‍മ്മിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പെടെ ഉള്ള പ്രമുഖർ പങ്കെടുക്കുന്ന പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22ന് നടക്കും.
അഞ്ച് വയസ്സ് പ്രായമുള്ള രാമനെയാണ് ശിൽപ്പി നിർമ്മിച്ചിരിക്കുന്നത്. 51 ഇഞ്ചാണ് ശിൽപ്പത്തിന്റെ ഉയരം. മൂന്ന് ഡിസൈനുകളാണ് യോഗിരാജ് അരുൺ ഉണ്ടാക്കിയത്. അതിൽനിന്ന് ഒരെണ്ണം തിരഞ്ഞെടുക്കുകയായിരുന്നു. ശില്പി യോഗിരാജിനെ അഭിനന്ദിച്ച് മുൻ കർണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പ രംഗത്തെത്തിയിരുന്നു. ശിൽപ്പത്തിന്റെ പണി പൂർത്തിയായ വിവരം നേരത്തേ രാം ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റിയായ ബിമലേന്ദ്ര മോഹൻ പ്രതാപ് മിശ്ര അറിയിച്ചിരുന്നു. ബാലരാമന്റെ ശിൽപം അതിമനോഹരമാണെന്ന് അദ്ദേഹം പറഞ്ഞു. ശിൽപ്പം നമ്മോട് സംസാരിക്കുന്നതായി തോന്നും. നിരവധി ശിൽപ്പങ്ങൾക്കിടയിൽ ഈ ശിൽപ്പത്തിലേക്ക് കണ്ണുകൾ അറിയാതെ പോയി ചേരുമെന്നും അദ്ദേഹം പറഞ്ഞു.
2020 ആഗസ്ത് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി രാമ ക്ഷേത്രനിര്‍മ്മാണത്തിന് തുടക്കമിട്ടത്. സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരം നരേന്ദ്രമോദി സര്‍ക്കാര്‍ രൂപീകരിച്ച ശ്രീരാമ ജന്മഭൂമി തീര്‍ത്ഥക്ഷേത്രം ട്രസ്റ്റാണ് ക്ഷേത്രനിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്നത്.
വിശ്വഹിന്ദുപരിഷത്ത് പ്രസിഡന്റായിരുന്ന അശോക് സിംഗാളിന്റെ നിര്‍ദ്ദേശപ്രകാരം വാസ്തുശില്‍പി ചന്ദ്രകാന്ത് സോംപുര തയ്യാറാക്കിയ അതേ മാതൃകയിലാണ് ക്ഷേത്രം നിര്‍മ്മിക്കുന്നത്. 235 അടി വീതിയും 360 അടി നീളവും 161 അടി ഉയരവും 54,700 ചതുരശ്രയടി വിസ്തീര്‍ണവുമാണ് ക്ഷേത്രത്തിന് ഉള്ളത്. ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ക്ഷേത്രമാണ് അയോധ്യയില്‍ ശ്രീരാമജന്മഭൂമിയിലുയരുന്നത്.
ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങ് ലോകം ഉറ്റുനോക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഇന്ത്യയുടെ വികസന കുതിപ്പില്‍ അയോധ്യ പുതിയ ഊര്‍ജ്ജമാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഈ മാസം നടക്കുന്ന പ്രതിഷ്ഠ ചടങ്ങില്‍ ആറ് ദര്‍ശനങ്ങളിലെ ശങ്കരാചാര്യരും 150 ഓളം സന്യാസിമാരും പങ്കെടുക്കും. നാലായിരത്തോളം പുരോഹിതരെയും 2,200 മറ്റ് അതിഥികളെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രധാന ക്ഷേത്രങ്ങളായ കാശി വിശ്വനാഥ്, വൈഷ്‌ണോദേവി, മത, ഭരണഘടനാ
സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. സിനിമാ താരങ്ങളായ രജനികാന്ത്, അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, അരുണ്‍ ഗോവില്‍, ചലച്ചിത്ര സംവിധായകന്‍ മധുര് ഭണ്ഡാര്‍ക്കര്‍, പ്രമുഖ വ്യവസായികളായ മുകേഷ് അംബാനി, അനില്‍ അംബാനി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.
പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് ശേഷം ജനുവരി 24 മുതല്‍ 48 ദിവസത്തേക്ക് ആചാരാനുഷ്ഠാനങ്ങളനുസരിച്ച് ‘മണ്ഡലപൂജ’ നടക്കും. ജനുവരി 23ന് ക്ഷേത്രം ഭക്തര്‍ക്കായി ക്ഷേത്രം തുറന്നുകൊടുക്കും.