April 22, 2025, 1:48 pm

മണ്ഡല പൂജ കഴിഞ്ഞു ; ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു

ആശങ്ക മാറി ആശ്വാസത്തിന്റെ ദിവസമായിരുന്നു മണ്ഡല പൂജ നടന്ന ഇന്നലെ. തങ്കഅങ്കി ചാർത്തി ദീപാരാധന നടന്ന ചൊവ്വാഴ്ച രാത്രി തിക്കിലും തിരക്കിലും വലിയ അപകടം ഉണ്ടാകുമെന്ന ഭീതിയിലായിരുന്നു അധികൃതർ. എന്നാൽ ഇന്നലെ രാവിലെ 9 ആയപ്പോഴേക്കും തിരക്ക് കുറഞ്ഞു. അതേസമയം ശബരിമല മണ്ഡലകാല പൂജകൾ കഴിഞ്ഞ് നട അടച്ചതോടുകൂടി ശബരിമല സന്നിധാനവും പരിസരപ്രദേശങ്ങളിലും ശുചീകരണ പ്രവർത്തനങ്ങൾ നടന്നു. പതിനെട്ടാംപടിയും സന്നിധാനവും വെള്ളം ഒഴിച്ച് വൃത്തിയാക്കി.

മണ്ഡലപൂജകൾ കഴിഞ്ഞു നടയടച്ചതിനു ശേഷമുള്ള ആദ്യ ദിവസമായ വ്യാഴാഴ്ച്ച (28) സന്നിധാനം, പതിനെട്ടാം പടി, മാളികപ്പുറം, വാവര്നട, മഹാകാണിക്ക, അരവണ കൗണ്ടർ പരിസരം, നടപ്പന്തൽ, ക്യൂ കോംപ്ലക്സ് എന്നിവിടങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.മണ്ഡലപൂജ 10.30ന് ആരംഭിച്ചു. അതിനുമുൻപ് 25 കലശവും കളഭാഭിഷേകവും നടന്നു. ഈ സമയം പതിനെട്ടാംപടി കയറാനും ദർശനത്തിനും കുറച്ചു സമയത്തേക്ക് നിയന്ത്രണം ഉണ്ടായിരുന്നു. അതിനാൽ മണ്ഡലപൂജ കഴിയും വരെ തീർഥാടകർക്ക് കാത്തുനിൽക്കേണ്ടി വന്നു. മണ്ഡലപൂജ 11.30ന് പൂർത്തിയായെങ്കിലും ഭക്തർക്ക് ദർശനം ഉച്ചയ്ക്ക് ഒന്നുവരെ കിട്ടി.