ജൽ ജീവൻ മിഷനിൽ പൈപ്പിടാൻ ആദിവാസി കോളനിയിലെ കുഴിമാടങ്ങൾ നശിപ്പിച്ചു
കണ്ണൂർ: അടയ്ക്കാത്തോട് വാളുമുക്ക് ആദിവാസി കോളനിയിൽ കുഴിമാടങ്ങൾ പൊളിച്ച് കുടിവെള്ള പദ്ധതിക്കായി പൈപ്പിട്ടുവാളുമുക്ക് കോളനിയിലാണ് മൂന്ന് കുഴിമാടങ്ങൾ മാന്തി, ജല അതോറിറ്റി കരാറുകാർ പൈപ്പിട്ടത്. വേറെ സ്ഥലമുണ്ടായിട്ടും, വീട്ടുകാരില്ലാത്ത നേരത്ത്, കുഴിമാടങ്ങൾ നശിപ്പിച്ച് പൈപ്പിടുകയായിരുന്നു.കോളനിയിലെ കോടങ്ങാട് ശോഭനയുടെ വീടിന്റെ പിറകുവശത്ത് അടക്കംചെയ്ത ബന്ധുക്കളുടെ കുഴിമാടങ്ങളാണ് അങ്കണവാടിയിലേക്ക് പൈപ്പിടാനായി പൊളിച്ചത്.
ജൽജീവൻ മിഷനിൽ തൊട്ടടുത്ത അംഗൻവാടിയിലേക്കുള്ള കുടിവെള്ള കണക്ഷന് വേണ്ടിയാണ് ആദിവാസികളുടെ കുഴിമാടം നശിപ്പിച്ചത്.ശോഭനയുടെ അച്ഛൻ, അമ്മ, സഹോദരൻ എന്നിവരെയാണ് വീടിന്റെ സമീപത്തായി അടക്കിയിട്ടുളളത്. കോളനി നിവാസികളുടെ എതിർപ്പ് മറികടന്നാണ് ജലജീവൻ മിഷൻ പദ്ധതിയുടെ പൈപ്പിട്ടത്.കുഴിയെടുക്കുമ്പോൾ മേൽനോട്ടത്തിന് ആളുണ്ടായില്ല. പൈപ്പിടാനെത്തിയവർ എളുപ്പവഴി നോക്കി കുഴിമാടം മാന്തുകയായിരുന്നു.മരിച്ചവരെ അടക്കാൻ സ്ഥലമില്ലാത്തതിനാൽ വീടിന് സമീപത്തായാണ് വാളുമുക്ക് കോളനിയിലുള്ളവർ അടക്കിയിട്ടുള്ളത്. വാളുമുക്ക് കോളനിയിലെ വീടുകൾക്ക് ചുറ്റുമായി നിരവധി കുഴിമാടങ്ങളുണ്ട്.