April 22, 2025, 9:09 pm

നെയ്യാറ്റിന്‍കരയില്‍ താല്‍ക്കാലിക നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുത്തു

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മേളക്കിടെ താൽക്കാലിക പാലം തകർന്നുവീണുണ്ടായ അപകടത്തിൽ കേസെടുത്തു പോലീസ് അനധികൃതമായി നടപ്പാലം നിര്‍മിച്ചതിനാണ് പൂവാര്‍ പൊലീസ് കേസെടുത്തത്. നെയ്യാറ്റിന്‍കരയിലെ തിരുപുറം പഞ്ചായത്തിലെ പുറുത്തിവിളയില്‍ ക്രിസ്മസ് ഫെസ്റ്റിനായി നിമ്മിച്ചതായിരുന്നു നടപ്പാലം.

സുരക്ഷാക്രമീകരണങ്ങൾ ഒരുക്കാതെ പരിപാടി സംഘടിപ്പിച്ചതിനും മനുഷ്യജീവന് അപകടമുണ്ടാക്കിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. യാതൊരുവിധ സുരക്ഷാക്രമീകരണങ്ങളും ഒരുക്കാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് എഫ്‌ഐആറിൽ പറയുന്നു. നട്ടെല്ലിന് പരിക്കേറ്റ കാഞ്ഞിരംകുളം സ്വദേശി ലൈലയെ തിരുവനന്തപുരം കിംസില്‍ പ്രവേശിപ്പിച്ചു. അഞ്ച് പേർ നെയ്യാറ്റിൻകരയിലെ നിംസില്‍ ചികിത്സയിലാണ്. അപകടത്തിൽ പെട്ടവർക്ക് നിംസ് ആശുപത്രി സൗജന്യ ചികിത്സ പ്രഖ്യാപിച്ചിട്ടുണ്ട്.