മുസ്ലീങ്ങൾ ക്രിസ്മസ് ആഘോഷിക്കരുത്, മറ്റ് മതങ്ങളുടെ ആചാരങ്ങളിൽ പങ്കെടുക്കരുത്’; ഹമീദ് ഫൈസി അമ്പലക്കടവ്

മുസ്ലിംങ്ങള്‍ ക്രിസ്മസ് ആഘോഷിക്കരുതെന്ന സുന്നി യുവജന സംഘം സംസ്ഥാന സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവിന്‍റെ പ്രസ്താവന വിവാദമാവുന്നു.ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം മുസ്ലീം സമുദായത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ഫൈസിയുടെ മുന്നറിയിപ്പ്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ ക്രിസ്മസ് കേക്ക് മുറിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഹമീദ് ഫൈസിയുടെ പ്രസ്താവന
ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ
‘അന്യ മതസ്ഥരെ ചാണിനു ചാണായി…………ഇന്നു ജുമുഅക്ക് പള്ളിയിലെത്തി അൽ കഹ്ഫ് ഓതിത്തുടങ്ങിയപ്പോൾ , 3, 4, സൂക്തങ്ങൾ എന്റെ മനസ്സിൽ തറച്ചു. ” അല്ലാഹു തന്റെ ദാസന് ഈ വേദം അവതരിപ്പിച്ചത് അല്ലാഹു പുത്രനെ സ്വീകരിച്ചിരിക്കുന്നുവെന്ന് വാദിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകാൻ വേണ്ടിയും കൂടിയാണ്. അവർക്ക് അക്കാര്യത്ത കുറിച്ച് യാതൊരു അറിവുമില്ല. അവരുടെ പൂർവ്വീകർക്കും ഉണ്ടായിരുന്നില്ല. അവരുടെ വായകളിൽ നിന്ന് വമിക്കുന്നത് ഗുരുതരമായ വാക്കുതന്നെ. കേവലം കളളമാണവർ പറയുന്നത്.’വെള്ളിയാഴ്ച തോറും ഇത് പാരായണം ചെയ്യുന്ന ഒരു മുസ്ലിമിന് യേശുക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും എങ്ങിനെയാണ് പങ്കെടുക്കാൻ കഴിയുക ?
ഇതര മതസ്ഥരോടു സൗഹൃദവും സഹിഷ്ണുതയും കാണിക്കാൻ ഇസ്‌ലാം അനുശാസിക്കുന്നു. വീട്ടിൽ ആടിനെ അറുത്താൽ അയൽക്കാരനായ ജൂതനു ആദ്യം നൽകണമെന്നായിരുന്നു പ്രവാചകാനുചരൻമാർ നിർദ്ദേശിച്ചിരുന്നത്. ഇസ്‌ലാമിക ഭരണകൂടം ഇതര മതസ്ഥർക്ക് എല്ലാ വിധ അവകാശാധികാരങ്ങളും വകവെച്ച് കൊടുക്കണമെന്നാണ് നിയമം. ഇസ്‌ലാമിക ചരിത്രം ഇത് സാക്ഷീകരിക്കുന്നു. പക്ഷെ, അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും പങ്കെടുക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഏക ദൈവാരാധന ഇസ്‌ലാമിലെ അടിസ്ഥാന വിശ്വാസമാണെന്നതാണ് കാരണം. ഇതര മതസ്ഥരുടെ ചില ആരാധനകളിൽ പങ്കെടുക്കൽ തെറ്റും, മറ്റു ചിലതിൽ പങ്കെടുക്കൽ ഇസ്‌ലാമിൽ നിന്ന് പുറത്തു പോകുന്ന കാര്യവുമാണ്. ഇക്കാര്യം വിശദമായും കണിശമായും കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്.
2015-ൽ നിലവിളക്ക് കൊളുത്തൽ വിവാദമുണ്ടായപ്പോൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ഖണ്ഡിതമായ പ്രസ്താവന പുറപ്പെടുവിച്ചിട്ടുണ്ട്. അതി പ്രകാരം. “മറ്റൊരു മതത്തിന്റെ പ്രത്യേക ആചാരം സ്വീകരിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ആനക്കര സി.കോയക്കുട്ടി മുസ്ല്യാർ, ജനറൽ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീൻ മുസ്‌ലിയാർ എന്നിവർ പറഞ്ഞു. നിലവിളക്ക് കൊളുത്തൽ ഹിന്ദു മതവിഭാഗത്തിന്റെ പ്രത്യേക ആചാരമാണ്. അത് സ്വീകരിക്കൽ ഇസ്‌ലാമിക വിശ്വാസികൾക്ക് അനുവദനീയം അല്ല .” [സുപ്രഭാതം 27–8–15 ]
2003 ൽ ഒരു മുസ്‌ലിം മന്ത്രി നെറ്റിയിൽ തിലകം ചാർത്തി ശൃങ്കേരി മഠം സന്ദർശിച്ചപ്പോൾ സമസ്ത ഉപാദ്ധ്യക്ഷൻ പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ അദ്ധ്യക്ഷനായ സുന്നി യുവജന സംഘം കർശനമായ നിലപാടാണെടുത്തത്.ക്രിസ്മസ് സ്റ്റാർ, ക്രിസ്മസ് ട്രീ. സാന്റാക്ലോസ്, പുൽക്കൂട്, ക്രിസ്മസ് കേക്ക് മുറിക്കൽ തുടങ്ങിയ ആചാരങ്ങളും ആഘോഷങ്ങളും ആരാധനയുമെല്ലാം നമ്മുടെ സമൂഹത്തിലേക്ക് പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. നാം അതീവ ജാഗ്രത പാലിക്കുക. പുണ്യനബി [സ്വ] പറഞ്ഞു. ” നിശ്ചയം നിങ്ങൾ നിങ്ങളുടെ മുൻഗാമികളുടെ ആചാരങ്ങൾ അതേപടി ചാണിനു ചാണായും മുഴത്തിനു മുഴമായും അനുകരിക്കുക തന്നെ ചെയ്യും. ഇതു കേട്ട അനുചരർ ചോദിച്ചു. ജൂത ക്രൈസ്തവരെയാണോ തങ്ങൾ ഉദ്ദേശിച്ചത് ? നബി തങ്ങൾ [സ്വ] പറഞ്ഞു, അവരല്ലാതെ മറ്റാര് ?” [ ബുഖാരി, മുസ് ലിം ] മുസ്ലീങ്ങൾക്ക് ഭാവിയിൽ ഉണ്ടാകുന്ന അപചയത്തെക്കുറിച്ച് തിരുനബി(സ) നടത്തിയ ഈ ദീർഘവീക്ഷണം നമുക്ക് പാഠമാവേണ്ടതുണ്ട്. എന്നിങ്ങനെ ആണ് ഫേസ് ബുക്കിൽ കുറിച്ചിട്ടത്.