നാല് വിദ്യാർത്ഥികളുടെ ജീവൻ പൊലിഞ്ഞ കുസാറ്റ് അപകടം നടന്നിട്ട് ഒരു മാസമാകുമ്പോഴും അന്വേഷണം എങ്ങുമെത്തിയില്ല
നാല് വിദ്യാർത്ഥികൾ മരിച്ച കുസാറ്റ് അപകടത്തിൽ ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. നൂറിലധികം പേരുടെ മൊഴിയെടുത്തെങ്കിലും പോലീസ് അന്വേഷണത്തിന്റെ ഭാഗമായി ആരെയും പ്രതി ചേർത്തിട്ടില്ല. സർവകലാശാലാ ഉപസമിതിയുടെ അന്വേഷണ റിപ്പോർട്ട് 27ന് ചേരുന്ന സിൻഡിക്കേറ്റ് യോഗം ചർച്ച ചെയ്യുമെന്ന് കുസാറ്റ് വൈസ് ചാൻസലർ പറഞ്ഞു
കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ ടെക്ഫെസ്റ്റിൽ സംഗീതനിശക്ക് മുന്നോടിയായുണ്ടായ തിക്കിലും തിരക്കിലും പെട്ട് വിദ്യാർഥികളടക്കം നാലുപേർ മരിച്ച സംഭവം അന്വേഷിക്കാനാണ് സിൻഡിക്കേറ്റ് ഉപസമിതിയെ നിശ്ചയിച്ചിരുന്നത്.
നാല് ദിവസത്തിനകം പ്രാഥമിക റിപ്പോർട്ടും രണ്ടാഴ്ചക്കകം വിശദമായ റിപ്പോർട്ടും സമർപ്പിക്കണമെന്നായിരുന്നു നിർദേശം. നൂറിലധികം പേരുടെ മൊഴിയെടുത്ത പൊലീസ്, ഒന്നല്ല അപകടത്തിന് പലവിധ കാരണങ്ങളുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ മനപൂർവ്വമായ വീഴ്ചയ്ക്ക് നിലവിൽ തെളിവുകൾ ഇല്ല.