കിടിലൻ ബാറ്റിങുമായി ദ്രാവിഡിന്റെ മകൻ സ്മിത്ത് ; സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു
ഇന്ത്യൻ ബാറ്റിങ് ഇതിഹാസവും നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ കോച്ചുമായ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത്ത് കിടിലൻ ബാറ്റിങുമായി ശ്രദ്ധനേടുകയാണ്. കൂച്ച് ബെഹാർ ട്രോഫിയിൽ ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മകൻ സമിത്ത്. അച്ഛനെ പോലെ ക്ലാസിക് ഷോട്ടുകളടങ്ങിയ ഇന്നിങ്‌സ് പുറത്തെടുത്ത സമിത്ത് ജമ്മു കശ്മീരിനെതിരേ കർണാടകയ്ക്കായി 98 റൺസ് നേടി. 18-കാരനായ സമിത്തിന്റെ ബാറ്റിങ് വീഡിയോ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്.കർണാടകയ്ക്കായി അഞ്ചാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ സമിത്ത് 13 ഫോറും ഒരു സിക്‌സുമടക്കമാണ് 98 റൺസെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ജമ്മു കശ്മീർ ഒന്നാം ഇന്നിങ്‌സിൽ 170 റൺസിന് ഓൾഔട്ടായി. രണ്ട് വിക്കറ്റ് എടുത്ത സമിത്ത് ബൗളിങ്ങിലും തിളങ്ങി. ഒന്നാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ കർണാടക സമിത്തിന്റെയും സെഞ്ചുറി നേടിയ കാർത്തികേയയുടെയും ബാറ്റിങ് മികവിൽ അഞ്ചിന് 480 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തു. നാലാം വിക്കറ്റിൽ 233 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്.
രണ്ടാം ഇന്നിങ്‌സിൽ 180 റൺസിന് പുറത്തായ ജമ്മു കശ്മീർ ഇന്നിങ്‌സിനും 130 റൺസിനും തോറ്റു. നേരത്തേ ഉത്തരാഖണ്ഡിനെതിരായ കർണാടകയുടെ മത്സരം കാണാൻ ദ്രാവിഡും ഭാര്യ വിജേതയും എത്തിയത് വാർത്തയായിരുന്നു. അന്ന് മൈസുരുവിലായിരുന്നു മത്സരം. സ്‌കൂൾ ക്രിക്കറ്റ് മുതൽ തന്നെ ശ്രദ്ധ നേടിയ താരമാണ് സമിത്ത്. വിവിധ ടൂർണമെന്റുകളിൽ കർണാടകയുടെ അണ്ടർ 14 ടീമുകൾക്കായി തിളങ്ങാനും താരത്തിന് സാധിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ ഇന്ത്യൻ ടീമിനോടൊപ്പം സൗത്താഫ്രിക്കയിലാണ് രാഹുൽ ദ്രാവിഡുള്ളത്. അദ്ദേഹത്തിനു കീഴിൽ മൂന്നു ഫോർമാറ്റുകളിലും ടീം ഇന്ത്യ ഇവിടെ പരമ്പര കളിക്കുന്നുണ്ട്. കഴിഞ്ഞ മാസം നടന്ന ഏകദിന ലോകകപ്പോടെ ദേശീയ ടീമുമായുള്ള ദ്രാവിഡിന്റെ കരാർ അവസാനിച്ചിരുന്നു. ടൂർണമെന്റിൽ ഇന്ത്യയുടെ ഗംഭീര പ്രകടനം പരിഗണിച്ച് ബിസിസിഐ അദ്ദേഹത്തിന്റെ കരാർ പുതുക്കുകയായിരുന്നു.