മഞ്ചേരി വാഹനാപകടം ; റിൻഷയുടെ നിക്കാഹിന് കൈകൊടുക്കാൻ വാപ്പയില്ല

മഞ്ചേരി-അരീക്കോട് റോഡിൽ ചെട്ടിയങ്ങാടിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. ഓട്ടോ ഡ്രൈവർ പയ്യനാട് തടപ്പറമ്പ് പുതുപ്പറമ്പിൽ അബ്ദുൽമജീദ് , മഞ്ചേരി കിഴക്കേത്തല കരിമ്പുള്ളകത്ത് ഹമീദിന്റെ ഭാര്യ മുഹ്സിന, സഹോദരിയും കരുവാരക്കുണ്ട് ഐലാശ്ശേരി വെള്ളയൂരിലെ മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ തസ്നി , തസ്നിയുടെ മക്കളായ റിൻഷ ഫാത്തിമ , റൈഹ ഫാത്തിമ എന്നിവരാണ് മരിച്ചത്. മരിച്ച ഓട്ടോഡ്രൈവർ അബ്ദുൽ മജീദ് യാത്രയായത് ഏക മകളുടെ നിക്കാഹിന് സാക്ഷിയാകാൻ കഴിയാതെ. ശനിയാഴ്ചയാണ് മകളുടെ നിക്കാഹ് നടത്താനിരുന്നത്. നിക്കാഹിന് പന്തലുയർന്ന വീട്ടിലേക്ക് മജീദിന്റെ മയ്യത്തെത്തിയതോടെ മഞ്ചേരിയിലെ വീട് നോവായി മാറി.
5 മക്കളിൽ ഏറ്റവും ഇളയവൾ കൂടിയായ റിൻഷയുടെ നിക്കാഹ് ആണ് ഇന്ന് ഇരുമ്പുഴി സ്വദേശിയുമായി നടക്കാനിരിക്കുകയായിരുന്നത്. ഇന്ന് ഇരുമ്പുഴിയിലെ പള്ളിയിൽ വച്ചായിരുന്നു നിക്കാഹ് തീരുമാനിച്ചിരുന്നത്. മഞ്ചേരി എംഎൽഎ യു.എ.ലത്തീഫിന്റെ സഹോദരിയുടെ മകൻ കൂടിയാണ് മജീദ്. ഏറെക്കാലമായി മഞ്ചേരിയിലെ ഓട്ടോ ഡ്രൈവറാണ് അബ്ദുൽ മജീദ്. മജീദിന്റെ കബറടക്കം ശനിയാഴ്ച രാവിലെ 10-ന് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് കബറിസ്ഥാനിൽ നടക്കും. അതേസമയം മഞ്ചേരി വാഹനാപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് – മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് അധികൃതരുമായുള്ള ചർച്ചയ്ക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു.