April 21, 2025, 8:18 pm

അടിമാലിയിൽ ഏത്തക്കായക്ക് വില കുത്തനെ ഇടിഞ്ഞു ; രാസവളത്തിൽ ഉൾപ്പെടെ വൻ വില വർധന ഉണ്ടായതിനാൽ കർഷകർ കണ്ണീരിൽ

അടിമാലിയിൽ ഏത്തക്കായ വില കുത്തനെ ഇടിഞ്ഞു. വെള്ളിയാഴ്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഏത്തപ്പഴം വിറ്റത് വെറും 35 രൂപയിലും താഴെ. മൊത്തം വില്പന വില ശരാശരി 25 രൂപയും. വൻ തുക മുടക്കി ഏക്കർ കണക്കിന് ഭൂമിയിൽ ഏത്തവാഴ കൃഷി ഇറക്കിയ കർഷകർ പ്രതിസന്ധിയിൽ.രാസവളത്തിന് ഉൾപ്പെടെ വൻ വിലവർധനയുണ്ടായതിനാൽ കൃഷി പരിപാലന ചെലവ് മുൻ വർഷങ്ങളേക്കാൾ കൂടുതലാണെന്ന് കർഷകർ. കർഷകർക്ക് കിലോക്ക് ശരാശരി 40 രൂപയോളം ചെലവ് വരുന്നുണ്ട്.എന്നാൽ ഇതിന്റെ പകുതി തുക മാത്രം കിട്ടുന്നതിനാൽ എന്ത് ചെയ്യുമെന്ന് അറിയാതെ വിഷമിക്കുകയാണ് കർഷകർ. കർഷകർക്ക് 23 രൂപ പോലും കിട്ടുന്നില്ല.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഏത്തക്കായ ഉത്പാദിപ്പിക്കുന്ന ജില്ല ഇടുക്കി തന്നെ.എന്നാൽ ഇടുക്കി ഏത്തക്കായ്ക്ക് സംസ്ഥാനത്തെ എവിടെയും ഉയർന്ന വിലയും ലഭിക്കുമായിരുന്നു. കഴിഞ്ഞയാഴ്ച വരെ മൊത്തവില 35 രൂപ വരെ ഉണ്ടായിരുന്നെങ്കിലും ഒരാഴ്ച കൊണ്ട് വില കുത്തനെ താഴുകയായിരുന്നു. സ്വാശ്രയ കർഷക സമിതികൾ തകർന്നതോടെ ഉത്പാദനവും കുറയുന്നു.സർക്കാർ സഹായങ്ങളും ഏത്തവാഴ കർഷകർക്ക് കിട്ടുന്നില്ല.കായ ഉപ്പേരിക്ക് ആവശ്യക്കാർ കുറഞ്ഞതും വില ഇടിവിന് കാരണമായി. തമിഴ്നാട്ടിൽ നിന്ന് വൻതോതിൽ ഏത്തക്കായ ഹൈറേഞ്ചിലേക്ക് എത്തുന്നത് വിലയിടുവിന് വഴിയൊരുക്കുന്നു. ഉപ്പേരി ക്ക് കിലോക്ക് 320 രൂപ വരെ ഉള്ളപ്പോൾ വാഴ നട്ടു നനച്ച് പരിചരിച്ച് വളർത്തി വിളവെടുത്ത് വിപണിയിൽ എത്തിക്കുന്ന കർഷകനെ 20 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇത് കടകളിൽ ചില്ലറ വില്പനയ്ക്ക് 30 രൂപ വരെ ആയി.ചിലയിടങ്ങളിൽ നാല് കിലോ കായ 100 രൂപ എന്ന് ബോർഡ് വെച്ച് വിൽക്കുന്നതും കാണാം.