April 4, 2025, 9:15 pm

ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

ഗവര്‍ണറുടെ വാഹനം തടഞ്ഞ് കരിങ്കൊടി കാണിച്ച എസ്എഫ്ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. ഐപിസി 124ആം വകുപ്പ് ചുമത്തിയ 6 പ്രതികളുടെ ജാമ്യാപേക്ഷയാണ് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പരിഗണിക്കുന്നത്. ഐപിസി 124 നിലനില്‍ക്കില്ലെന്നാണ് പ്രതികളുടെ വാദം.

അതേസമയം, ഗവര്‍ണര്‍ക്കെതിരായ പ്രതിഷേധവും തുടര്‍ന്നുള്ള സംഭവവികാസങ്ങളും സംബന്ധിച്ച് ഗവര്‍ണര്‍ ആവശ്യപ്പെട്ട റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് തയാറാക്കിയേക്കും. ഡിജിപിയോടും ചീഫ് സെക്രട്ടറിയോടുമാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. 10, 11 തീയതികളില്‍ നടന്ന എസ്എഫ്‌ഐ വഴിതടയലും കരിങ്കൊടി സമരവും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് രാജ്ഭവന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ പൊലീസ് സ്വീകരിച്ച നടപടികളും പ്രതികള്‍ക്കെതിരെ ചുമത്തിയ വകുപ്പുകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കും. ഡിജിപിയും ചീഫ് സെക്രട്ടറിയും വെവ്വേറെ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുമെങ്കിലും പരസ്പരം കൂടിയാലോചിച്ച് അന്തിമരൂപം നല്‍കും.

എന്നാല്‍ എസ്എഫ്ഐക്കാരുടെ പ്രതിഷേധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ റിപ്പോര്‍ട്ടിന് ശേഷം കേന്ദ്രത്തിന് പ്രത്യേക റിപ്പോര്‍ട്ട് നല്‍കാന്‍ ഒരുങ്ങുകയാണ് ഗവര്‍ണര്‍. സംസ്ഥാനത്തിന്റെ ക്രമസമാധാന സ്ഥിതിയെ കുറിച്ചുള്ള പ്രതിമാസ റിപ്പോര്‍ട്ടല്ലാതെ കഴിഞ്ഞ ദിവസത്തെ പ്രതിഷേധത്തെ കുറിച്ച് പ്രത്യേക റിപ്പോര്‍ട്ട് നല്‍കിയേക്കുമെന്നാണ് വിവരം.