കാനം രാജേന്ദ്രന് വിട: രാവിലെ തിരുവനന്തപുരത്ത് പൊതുദര്‍ശനം, ഇന്ന് നവകേരള സദസില്ല
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ കേരളം. അദ്ദേഹത്തിന്റെ ഭൗതികശരീരം രാവിലെ എട്ടുമണിയോടെ ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേക്ക് എത്തിക്കും. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ടു. കാനത്തിന്റെ മകന്‍ സന്ദീപ്, കൊച്ചുമകന്‍, മന്ത്രി പി.പ്രസാദ് എന്നിവര്‍ അനുഗമിക്കും. തിരുവനന്തപുരത്ത് ഇടപ്പഴിഞ്ഞി വിവേകാനന്ദനഗറിലെ മകന്റെ വസതിയിലും സിപിഐ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിലും പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും.
കോട്ടയത്ത് സിപിഐ ജില്ലാ കമ്മിറ്റി ഓഫിസില്‍ പൊതുദര്‍ശനത്തിനു ശേഷം കാനത്തുള്ള വസതിയില്‍ എത്തിക്കും. ഞായറാഴ്ച രാവിലെ 10നാണ് സംസ്‌കാരം. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടര്‍ന്ന് ശനിയാഴ്ചത്തെ നവകേരള സദസ്സ് മാറ്റിവച്ചു. തൃപ്പൂണിത്തുറ, തൃക്കാക്കാര, പിറവം, കുന്നത്തുനാട് എന്നിവിടങ്ങളിലെ നവകേരള സദസ്സാണ് മാറ്റിവച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടു മണിക്ക് പെരുമ്പാവൂരില്‍ നിന്ന് പര്യടനം തുടരും.
പ്രമേഹത്തെ തുടര്‍ന്നു വലതുകാല്‍ മുട്ടിനു താഴെ മുറിച്ചുമാറ്റി അമൃത ആശുപത്രിയില്‍ കഴിയുകയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗം ഇന്നലെ വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. ഇന്നലെ ഉച്ചകഴിഞ്ഞു നേരിയ ഹൃദയാഘാതം അനുഭവപ്പെട്ട അദ്ദേഹത്തെ ആദ്യം ഐസിയുവില്‍ പ്രവേശിപ്പിച്ചു. പിന്നാലെ കടുത്ത ഹൃദയാഘാതമുണ്ടായി. സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന അദ്ദേഹം, ആരോഗ്യകാരണങ്ങളാല്‍ മൂന്നു മാസത്തെ അവധിയിലായിരുന്നു.