November 28, 2024, 1:06 am

മുന്നറിയിപ്പില്ലാതെ നവകേരള സദസ്സിനായി സിപിഎമ്മിന്റെ കാളവണ്ടിയോട്ട മത്സരം; അന്തിച്ച് ആളുകള്‍, അപകടം-വിഡിയോ

നവകേരള സദസ്സിന്റെ പ്രചാരണാര്‍ഥം സിപിഎമ്മിന്റെ നേതൃത്വത്തില്‍ കുമളിയില്‍ നടത്തിയ കാളവണ്ടിയോട്ട മത്സരത്തിനിടെ അപകടം.
കാളവണ്ടി നിയന്ത്രണം തെറ്റി പൊതുജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞു കയറുകയായിരുന്നു. ആര്‍ക്കും പരിക്കില്ല. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

പീരുമേട് മണ്ഡലത്തിലെ കേരള സദസ് പ്രചരണാര്‍ഥമാണ് കളവണ്ടയോട്ട മത്സരം സം?ഘടിപ്പിച്ചത്. തിരക്കേറിയ ടൗണിലൂടെയായിരുന്നു മത്സരം സംഘടിപ്പിച്ചത്. തേനിയില്‍ നിന്ന് ആറു കാളവണ്ടികള്‍ എത്തിച്ചായിരുന്നു മത്സരം നടത്തിയത്. ഇതിനിടെയാണ് അപകടം.

നിയന്ത്രണം വിട്ട കാളവണ്ടി ഇടിച്ച് ഒരു കാറിനും ജീപ്പിനും കേടുപാടു സംഭവിച്ചു. തിരക്കേറിയ കുമളി ടൗണില്‍വച്ച് ഒരു ചക്രം ഊരിപ്പോയിട്ടും കാളവണ്ടി നിര്‍ത്താതെ മുന്നോട്ടുപോയി. ആളുകള്‍ ഭയന്ന് ഓടിമാറിയതിനാല്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബരിമല സീസണ്‍ ആയതിനാല്‍ അയ്യപ്പഭക്തര്‍ ഉള്‍പ്പെടെ നിരവധി ആളുകള്‍ ടൗണില്‍ ഉണ്ടായിരുന്നു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ഇവര്‍ക്കിടയിലൂടെ കാളവണ്ടികള്‍ പാഞ്ഞത്.

മത്സരത്തിന് എല്ലാ സൗകര്യങ്ങളും ഒരുക്കിയ പൊലീസ് അപകടത്തിനു പിന്നാലെ തലയൂരാന്‍ നിലപാടു മാറ്റി. മത്സരമല്ല, കാളവണ്ടി ഉപയോഗിച്ച് വിളംബര ജാഥ നടത്തുമെന്നാണ് സിപിഎം അറിയിച്ചിരുന്നത് എന്നാണു പൊലീസ് ഭാഷ്യം. സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സിപിഎം നടത്തിയിരിക്കുന്നതെന്നും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും ആനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗം എം.എന്‍. ജയചന്ദ്രന്‍ ആവശ്യപ്പെട്ടു.

You may have missed