ശബരിമല കീഴ്‌ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു; ശുദ്ധികലശത്തിന് ശേഷം 20മിനിട്ട് വെെകിയാണ് നട തുറന്നത്.
ശബരിമല കീഴ്‌ശാന്തിയുടെ സഹായി ആയ തമിഴ്നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) കുഴഞ്ഞു വീണു മരിച്ചു.രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. സന്നിധാനം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സംഭവത്തെ തുടര്‍ന്ന് ഇന്ന് ശബരിമല നട തുറക്കാൻ 20 മിനിറ്റോളം വെെകി. ശുദ്ധികലശത്തിന് ശേഷമാണ് രാവിലെ നട തുറന്നത്. നട തുറക്കാൻ വെെകിയതിനാല്‍ തീര്‍ത്ഥാടകര്‍ ഏറെ നേരം കാത്തുനില്‍ക്കേണ്ടിവന്നു.
അതേസമയം, വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതിന് അടിയന്തര നടപടിയെടുക്കാൻ പത്തനംതിട്ട ജില്ലാ കളക്ടര്‍ക്കും പൊലീസ് മേധാവിക്കും ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ ദര്‍ശനത്തിന് 10 മണിക്കൂറിലേറെ കാത്തുനില്‌ക്കേണ്ടി വന്ന സാഹചര്യം വിലയിരുത്തിയാണ് കോടതിയുടെ നടപടി.
ഭക്തരില്‍ 20 ശതമാനത്തോളം സ്ത്രീകളും കുട്ടികളുമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചിരുന്നു. നിലയ്ക്കലില്‍ വാഹന പാര്‍ക്കിംഗ് ഫീസ് ഈടാക്കാനുള്ള ‘ഫാസ്‌ടാഗ്’ സംവിധാനത്തിലെ അപര്യാപ്തത പരിഹരിക്കണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രൻ, ജസ്റ്റിസ് ജി. ഗിരീഷ് എന്നിവരുള്‍പ്പെട്ട ഡിവിഷൻബെഞ്ച് നിര്‍ദ്ദേശിച്ചു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.ഇടത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വെര്‍ച്വല്‍ ക്യൂ വെബ്സൈറ്റില്‍ ഇടത്താവളങ്ങളുടെ ലിസ്റ്റുണ്ടെന്നും ദേവസ്വംബോര്‍ഡ് അറിയിച്ചു.