April 4, 2025, 9:13 pm

ഒട്ടകപ്പക്ഷിയെയും തത്തയെയും വാങ്ങാനെത്തുന്നവര്‍ മടങ്ങുന്നത് ഉന്മാദ ലഹരിയുമായി

മലപ്പുറം: മലപ്പുറത്ത് വളര്‍ത്തു മൃഗങ്ങളുടെ ഫാം ഹൗസിന്റെ മറവില്‍ എംഡിഎംഎ വില്‍പന നടത്തിയവരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് മൂന്ന് പേര്‍ അറസ്റ്റിലായത്. കാവനൂര്‍ സ്വദേശി മുഹമ്മദ് കാസിം (38 ), മമ്ബാട് പൊങ്ങല്ലൂര്‍ സ്വദേശി ഷമീം (35 ), ആമയൂര്‍ സ്വദേശി സമീര്‍ കുന്നുമ്മല്‍ (35 ) എന്നിവരാണ് എക്‌സൈസ്ന്റെ പിടിയിലായത്.
കാസിമിന്റെ ഉടമസ്ഥതയില്‍ അരീക്കോട് മൈത്രയില്‍ ഉദ്ദേശം രണ്ടര ഏക്കര്‍ സ്ഥലത്താണ് ഫാം ഹൌസ് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രാവ്, കോഴി, പട്ടി, എമു , ഒട്ടകപക്ഷി, തത്ത തുടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ വില്‍പന നടത്തിയിരുന്നു. ഇതിന്റെ മറവിലാണ് ഇവര്‍ മൂവരും ചേര്‍ന്ന് മയക്കുമരുന്ന് വില്‍പന ആരംഭിച്ചത്. ഫാമില്‍ നടത്തിയ പരിശോധനയില്‍ 52 ഗ്രാം എംഡിഎംഎയും, കാസിമിന്റെ വീട്ടില്‍ നിന്ന് 90 ഗ്രാം എംഡിഎയും കണ്ടെടുത്തു.എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും, മലപ്പുറം ഐബിയും, മഞ്ചേരി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ റെയ്ഡില്‍ എക്‌സൈസ് ഇൻസ്‌പെക്ടര്‍മാരായ മുഹമ്മദ് ഷഫീഖ് പി കെ, ഷിജുമോൻ ടി എന്നിവരും, പ്രിവൻറ്റീവ് ഓഫീസര്‍ ശിവപ്രകാശ് കെ എം, പ്രിവൻറ്റീവ് ഓഫീസര്‍ മുഹമ്മദാലി, സുഭാഷ് വി ,സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ രാജൻ നെല്ലിയായി, ജിഷില്‍ നായര്‍,അഖില്‍ ദാസ് ഇ, സച്ചിൻദാസ് കെ, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ധന്യ കെ, എക്‌സൈസ് ഡ്രൈവര്‍ ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
അതേസമയം, കൊല്ലം മുണ്ടക്കല്‍ ബീച്ചിന് സമീപം എക്‌സൈസ് സംഘത്തെ ലഹരി മാഫിയ ആക്രമിച്ചു. കൊല്ലം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിനെയാണ് മയക്കുമരുന്ന് ഗുളികള്‍ പിടികൂടവേ പ്രതികള്‍ സംഘം ചേര്‍ന്ന് ആക്രമിച്ചത്. ഉദയമാര്‍ത്താണ്ഡപുരം ചേരിയില്‍ വച്ച്‌ മയക്കുമരുന്ന് ഗുളികള്‍ വില്‍പന നടത്തുകയായിരുന്ന മുണ്ടക്കല്‍ സ്വദേശി ലാറ എന്ന് വിളിക്കുന്ന രതീഷിനെ പിടികൂടുന്ന സമയത്താണ് ആക്രമണം ഉണ്ടായത്.41 (22.9 ഗ്രാം) ലഹരി ഗുളികകള്‍ ഇയാളില്‍ നിന്നും കണ്ടെടുത്തു. എക്‌സൈസ് ഐബി പ്രിവന്റീവ് ഓഫീസര്‍ ശ്രീകുമാര്‍ നല്‍കിയ വിവരപ്രകാരം പരിശോധനയ്ക്ക് എത്തിയതായിരുന്നു എക്‌സൈസ് ഇൻസ്‌പെക്ടര്‍ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ്. ആക്രമണത്തിനിടെ മുണ്ടക്കല്‍ സ്വദേശികളായ സുജിത്ത്, അജിത്ത്, സെഞ്ചുറി നഗര്‍ സ്വദേശി ലെനിൻ ബോസ്‌കോ എന്നിവരെ എക്‌സൈസ് സംഘം സാഹസികമായി കീഴടക്കി. എന്നാല്‍ ഒന്നാം പ്രതി രതീഷിനെ സഹോദരന്മാരായ സുധീഷ്,ഗിരീഷ് എന്നിവരും സനോഫര്‍ എന്നയാളും കണ്ടാലറിയാവുന്ന മറ്റ് 3 പേരും ചേര്‍ന്ന് രക്ഷപ്പെടുത്തി.