ബാലകരാമ വിഗ്രഹം ഒരാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാകും; പ്രതിഷ്ഠിക്കുന്നത് അഞ്ചുവയസുകാരന്‍ രാമനെ; രാജ്യം അവേശത്തിലേക്ക്
അയോധ്യ: രാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിലെ പ്രധാനശ്രീകോവിലില്‍ പ്രതിഷ്ഠിക്കാനുള്ള ഭഗവാന്‍ ശ്രീരാമന്റെ ബാലരൂപത്തിലുള്ള വിഗ്രഹം പൂര്‍ത്തിയാവുന്നതായി ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്ബത് റായ് അറിയിച്ചു. വിഗ്രഹ നിര്‍മാണം 90 ശതമാനവും പൂര്‍ത്തിയായി. അഞ്ച് വയസുള്ള ബാലകരാമന്റെ രൂപം നാലടി മൂന്നിഞ്ച് വലിപ്പത്തിലാണ് കല്ലില്‍ കൊത്തിയെടുത്തിയിരിക്കുന്നത്.
മൂന്ന് കരകൗശല വിദഗ്ധര്‍ മൂന്ന് വ്യത്യസ്തമായ കല്ലുകളില്‍ അയോധ്യയിലെ തന്നെ മൂന്നിടങ്ങളിലായാണ് വിഗ്രഹം നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നതെന്ന് ചമ്ബത്ത് റായ് അറിയിച്ചു. ഒരാഴ്ചയ്‌ക്കുള്ളില്‍ നിര്‍മാണം പൂര്‍ണമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന്റെ താഴത്തെ നിലയിലെ ശ്രീകോവിലിലാണ് വിഗ്രഹം പ്രതിഷ്ഠിക്കുക. താഴത്തെ നില ഏകദേശം തയാറായിക്കഴിഞ്ഞു. പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നാലായിരം സംന്യാസിശ്രേഷ്ഠരുടെ സാന്നിധ്യം പ്രാണപ്രതിഷ്ഠാച്ചടങ്ങുകളിലുണ്ടാവും.സംക്രാന്തി മുതല്‍ ശുക്ലപക്ഷ ദ്വാദശി വരെയാണ് പ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കുക. രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായുള്ള ആചാരക്രമങ്ങള്‍ ജനുവരി 16ന് തുടങ്ങും. വാരണാസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്മി കാന്ത് ദീക്ഷിത് 22ന് രാം ലല്ലയുടെ പ്രാണപ്രതിഷ്ഠയിലെ പ്രധാനചടങ്ങുകള്‍ നിര്‍വഹിക്കും.
ജനുവരി 14 മുതല്‍ ജനുവരി 22 വരെ അയോധ്യ അമൃത് മഹോത്സവം ആഘോഷിക്കും. ആയിരങ്ങള്‍ക്ക് അന്നദാനം നടത്തുന്ന 1008 ഹുണ്ടി മഹായാഗവും സംഘടിപ്പിക്കും. 22ന് ഉച്ചയ്‌ക്ക് 12 നും 12:45നും ഇടയില്‍ രാമക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ ശ്രീരാമ പ്രതിഷ്ഠ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നിരവധി പ്രമുഖര്‍ പങ്കെടുക്കും, ചമ്ബത് റായ് അറിയിച്ചു.