കുടകില്‍ തോട്ടം ഉടമയും രണ്ടു പെണ്‍മക്കളും മുങ്ങിമരിച്ച നിലയില്‍
ദക്ഷിണ കുടകിലെ ശ്രീമംഗളയില്‍ തോട്ടം ഉടമയും രണ്ടു പെണ്‍മക്കളെയും പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.കാപ്പിത്തോട്ടം ഉടമയും മംഗളൂരുവിനടുത്ത ധര്‍മസ്ഥല ക്ഷേത്രം ഗ്രാമവികസന പദ്ധതി പ്രതിനിധിയുമായ അശ്വിനി (48), മക്കളായ നിഖിത (21), നവ്യ(18) എന്നിവരാണ് മരിച്ചത് നിലയിൽ കണ്ടെത്തിയത്.
ഹുഡികേരി ഗ്രാമത്തിലെ വീട്ടില്‍നിന്ന് അശ്വിനിയും മക്കളും സ്കൂട്ടറില്‍ കയറി പോകുന്നത് അയല്‍ക്കാര്‍ കണ്ടിരുന്നു. ഇവരുടെ വളര്‍ത്തുനായ് കുരക്കുന്നതുകേട്ട് അയല്‍ക്കാര്‍ ചെന്നുനോക്കിയപ്പോള്‍ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. മൊബൈല്‍ ഫോണുകളില്‍ ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ല. ഇതേത്തുടര്‍ന്ന് അവരുടെ ഇഗുണ്ടയിലെ തോട്ടത്തില്‍ നടത്തിയ തിരച്ചിലില്‍ നിര്‍ത്തിയിട്ട സ്കൂട്ടര്‍ കണ്ടെത്തി. പുഴക്കരയില്‍ നവ്യയുടെ വസ്ത്രങ്ങളും മൂന്നു പേരുടെയും ചെരിപ്പുകളും ഉണ്ടായിരുന്നു.അപകടം മണത്ത നാട്ടുകാര്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ ശ്രീമംഗള പൊലീസും അഗ്നിരക്ഷാസേനയും നടത്തിയ തിരച്ചിലില്‍ മൂന്നു മൃതദേഹങ്ങള്‍ പുഴയില്‍നിന്ന് മുങ്ങിയെടുത്തു. കുളിക്കാനിറങ്ങിയ നവ്യ ഒഴുക്കില്‍പെട്ടപ്പോള്‍ അമ്മയും ചേച്ചിയും രക്ഷിക്കാനിറങ്ങിയത് കൂട്ടദുരന്തത്തില്‍ കലാശിച്ചുവെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.