അരീക്കോട് ഒതായി മനാഫ് വധം.പ്രതികളെ തിരിച്ചറിഞ്ഞ് സഹോദരി.
അരീക്കോട് ഒതായി യൂത്ത് ലീഗ് പ്രവർത്തകൻ മനാഫ് വധക്കേസിൽ നാലു പ്രതികളെ, രണ്ടാംസാക്ഷിയായ മനാഫിൻ്റെ സഹോദരി ഫാത്തിമ തിരിച്ചറിഞ്ഞു. കേസിലെ ഒന്നാംപ്രതി മാലങ്ങാടൻ ഷെഫീഖ്, സഹോദരനും മൂന്നാം പ്രതിയുമായ മാലങ്ങാടൻ ഷെരീഫ്, കൂട്ടുപ്രതികളായ 17-ാം പ്രതി നിലമ്പൂർ ജനതപ്പടി കോട്ടപ്പുറം മുനീബ്, 19-ാം പ്രതി എളമരം മപ്രം പയ്യനാട്ട് തൊടിക കബീർ എന്നിവരെയാണ് തിരിച്ചറിയാൻ സാധിച്ചത്.
മഞ്ചേരി രണ്ടാം ജില്ലാ സെഷൻസ് കോടതിയിലാണ് കഴിഞ്ഞദിവസം ഫാത്തിമയുടെ വിസ്‌താരം നടന്നത്. സംഭവദിവസം പത്തരയോടെ മനാഫിനെ അന്വേഷിച്ച് തറവാട്ടുവീട്ടിലെത്തിയ പ്രതികൾ മാരകായുധങ്ങളുമായി അക്രമം അഴിച്ചുവിട്ടു. നിലത്തുവീണ മനാഫിന്റെ പുറത്ത് ഷെഫീഖ് കഠാര ഉപയോഗിച്ച് മൂന്നുതവണ കുത്തിയെന്നാണ് സാക്ഷിമൊഴി.
കൊല്ലാൻ ഉപയോഗിച്ച പട്ടിക,കത്തി, കഠാര, വടിവാൾ എന്നിവയും സാക്ഷി തിരിച്ചറിഞ്ഞു. പ്രതികളെല്ലാം ഒരുപോലെ വെള്ളവസ്ത്രം ധരിച്ചാണ് വിചാരണയ്ക്ക് എത്തിയത്. ബുധനാഴ്ച എതിർവിസ്‌താരം നടക്കും.