November 27, 2024, 10:03 pm

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ അനുപമയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവം

ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളിൽ ഒരാളായ അനുപമയുടെ ഫേസ്ബുക്ക് പേജ് വീണ്ടും സജീവമായിരിക്കുകയാണ്. യൂട്യൂബിൽ നേരത്തെ പോസ്റ്റ് ചെയ്ത വീഡിയോകളാണ് അനുപമ പത്മൻ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിൽ നിലവിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. എന്നാൽ അനുപമയുടെ പേജ് മറ്റാരോ ദുരുപയോഗം ചെയ്യുകയാണെന്നാണ് സൈബർ വിദഗ്ധർ പറയുന്നത്. നവംബർ 17നാണ് അനുപമ പത്മൻ എന്ന പേരിലേക്ക് പേജിന്റെ പേര് മാറ്റിയിരിക്കുന്നത്. അനുപമയുടെ മറ്റൊരു ഫേസ്ബുക്ക് പേജും ഉണ്ട്. അതിൽ അവസാനത്തെ പോസ്റ്റ് നൽകിയിരിക്കുന്നത് ഓഗസ്റ്റ് മാസത്തിലേതാണ്.
ഇതിനിടെ അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഏഴിന് പരിഗണിക്കും. കേസിലെ പ്രതികളായ കെ ആർ പത്മകുമാർ ഭാര്യ എം ആർ അനിതകുമാരി മകൾ അനുപമ എന്നിവരെ തുടർ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും വിധേയരാക്കും. അന്വേഷണം ഏറ്റെടുത്ത റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് സംഘത്തിന് പൂയപ്പള്ളി പോലീസ് കേസ് ഡയറി കൈമാറിയിട്ടുണ്ട്. ലഭിക്കാവുന്ന എല്ലാ തെളിവുകളും ശേഖരിച്ച ശേഷം ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. ലോക്കൽ പോലീസ് അന്വേഷണത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ കൂടി പരിശോധിച്ചായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. കേസിൽ പിടിയിലായ കുടുംബാംഗങ്ങൾക്ക് പുറമേ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോ എന്നും കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അന്വേഷണ സംഘത്തോടൊപ്പം സൈബർ വിദഗ്ധരും കേസിൽ കൂടെയുണ്ട്. കുട്ടിക്ക് മയക്കാൻ ഗുളിക നൽകി എന്ന സംശയത്തെ തുടർന്ന് ലാബിൽ രാസ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലവും ഏറെ വൈകാതെ തന്നെ ലഭിക്കുമെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. കസ്റ്റഡിയിലെടുത്ത ഫോണുകളിൽ നിന്നും മറ്റു ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും തെളിവുകൾ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. യൂട്യൂബർ കൂടിയായ അനുപമയ്ക്ക് ആർട്ടിഫിഷൽ ഇന്റലിജൻസിൽ സാങ്കേതിക പരിജ്ഞാനം ഉണ്ടായിരുന്നതാണ് റിപ്പോർട്ട്. ആയതിനാൽ കൃത്രിമമായി ദൃശ്യങ്ങൾ ചമച്ച് പിടിക്കപ്പെട്ടതോടെയാണ് യൂട്യൂബിൽ നിന്നുള്ള വരുമാനം നിലച്ചത്. ഡിവൈഎസ്പി എം എം ജോസിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘം ആണ് കേസ് അന്വേഷണം നടത്തുന്നത്.

You may have missed