ശബരിമലയിൽ തിരുപ്പതി മോഡൽ പരീക്ഷണം നടത്തി അധികൃതർ.
ശബരിമലയിലെ ഭക്തജന തിരക്ക് അധികമായതിനെ തുടർന്ന് അധികൃതർ തിരുപ്പതി മോഡൽ ക്യൂ സമ്പ്രദായം പരീക്ഷിക്കുകയാണ്. ഈ വർഷത്തെ സീസണിന്റെ തുടക്കം മുതൽ പ്രവർത്തിച്ച് തുടങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും തിരക്ക് കടുത്തതോടെ അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുകയായിരുന്നു.ഞായറാഴ്ച ഉച്ച മുതൽ വൈകിട്ട് വരെയാണ് തിരുപ്പതി സമ്പ്രദായം പരീക്ഷിച്ചത്. ഇതേ തുടർന്ന് തിരക്കിന് അയവ് വന്നിട്ടുണ്ട്. ഇതിനുപുറമേ ബാരിക്കേടുകൾ ഉപയോഗിച്ച് പോലീസ് ഭക്തരെ പലയിടത്തും നിയന്ത്രിച്ചു നിർത്തുകയും ചെയ്യുന്നുണ്ട്. പോലീസ് നിയന്ത്രണം പാളിയതോടെ ശനിയാഴ്ച ഭക്തർക്ക് മണിക്കൂറുകളോളം വരി നിൽക്കേണ്ടി വന്നിരുന്ന സാഹചര്യവും ഉണ്ടായിരുന്നു. ശരം കുത്തി വഴിയുള്ള പാതയിലേക്ക് കടക്കാതെ രണ്ടായിരത്തോളം സ്വാമിമാർ ചന്ദ്രാനന്ദൻ റോഡിലേക്ക് കടന്നതാണ് പ്രതിസന്ധി സൃഷ്ടിക്കാൻ ഇടയായത്. ചന്ദ്രാനന്ദൻ റോഡിലേക്ക് ഭക്തർ ഇറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ഈ വനപാത കെട്ടി അടയ്ക്കണമെന്നും നിർദ്ദേശം നൽകിയതായി ദേവസ്വം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജു പറഞ്ഞു. കൂടുതൽ പേരെ ഡ്യൂട്ടിയ്ക്കായി നിയമിച്ചിട്ടുണ്ട്. കൂടാതെ 72 നിരീക്ഷണ ക്യാമറകളിലൂടെ 24 മണിക്കൂറും നിരീക്ഷണം നടത്തുന്നുണ്ട്.