November 27, 2024, 10:24 pm

തരുന്നത് 72,000 രൂപ, ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ല’; കേന്ദ്രത്തിന്റെ ആവശ്യം തള്ളി കേരള സര്‍ക്കാര്‍

ലൈഫ് അടക്കം ഭവന നിര്‍മ്മാണ പദ്ധതികള്‍ വഴി നല്‍കുന്ന വീടുകള്‍ക്ക് ബ്രാന്‍റിംഗ് നല്‍കാൻ ഉദ്ദേശിക്കുന്നില്ല എന്ന് കേരളം.കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകള്‍ക്ക് പ്രത്യേകം ലോഗോ വേണമെന്ന് കേന്ദ്ര നിര്‍ദ്ദേശം അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്‍കി. ബ്രാന്‍റിംഗ് നല്‍കുന്നത് വിവേചനത്തിന് ഇടയാക്കും എന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ അഭിപ്രായം. എല്ലാ ഭവന നിര്‍മ്മണ പദ്ധതികളും ഒരൊറ്റക്കുടക്കീഴിലാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ലൈഫ് മിഷൻ എന്ന ഒറ്റ പദ്ധതി ആവിഷ്കരിച്ചത്.


പ്രധാനമന്ത്രി ആവാസ് യോജന വഴി നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലും വീട് വയ്ക്കാൻ നല്‍കുന്ന പദ്ധതിയും ഇതില്‍പ്പെടും. കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത് 72000 രൂപയാണ്. ബാക്കി തുക കൂടി ചേര്‍ത്ത് നാല് ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ ഗുണഭോക്താവിന് നല്‍കുന്നത്. കേന്ദ്ര സഹായത്തോടെ പൂര്‍ത്തിയാക്കുന്ന വീടുകളില്‍ അത് രേഖപ്പെടുത്തും വിധം ലോഗോ വേണമെന്ന ആവശ്യത്തിലാണ് തര്‍ക്കം.ബ്രാന്‍റിംഗ് ഇല്ലെങ്കില്‍ പണമില്ലെന്ന കേന്ദ്ര കടുംപിടുത്തം പദ്ധതി നടത്തിപ്പിനെ തന്നെ ബാധിക്കുന്നു എന്ന വിമര്‍ശനത്തിന് പിന്നാലെ ബാന്‍റിംഗ് നല്‍കാൻ കേരളം ഉദ്ദേശിക്കുന്നില്ലെന്ന് തദ്ദേശ മന്ത്രി കേന്ദ്ര സര്‍ക്കാരിന് അയച്ച കത്തില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2023 ഒക്ടോബര്‍ 31 വരെ ലൈഫ് മിഷന് കീഴില്‍ പൂര്‍ത്തിയാക്കിയത് 3,56,108 വീടാണ്. അതില്‍ പ്രധാൻമന്ത്രി ആവാസ് യോജന അര്‍ബൻ വിഭാഗത്തില്‍ 79860 വീടും ഗ്രാമീണ്‍ വിഭാഗത്തില്‍ 32171 വീടുമാണുള്ളത്.

You may have missed