പ്രതികളെ പിടികൂടിയത് പോലീസിന്റെ അന്വേഷണ മികവെന്ന് മുഖ്യമന്ത്രി…
ഓയൂരിൽ ആറു വയസ്സുകാരിയായ അബികേൽ സാറ റജിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കണ്ടെത്തിയ പോലീസിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രതികളെ പിടികൂടാൻ പോലീസിന് സാധിച്ചത് അവരുടെ അന്വേഷണം മികവ് തെളിയിക്കുന്നതാണെന്നും കൂട്ടിച്ചേർത്തു. എന്നാൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ പ്രതികളെ പിടികൂടാൻ പോലീസിന് ചില സാഹചര്യങ്ങളിൽ സാധിച്ചു എന്നു വരില്ല. അപ്പോൾ പോലീസിനെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള അനാവശ്യ പ്രവണത പൊതുവെ സമൂഹത്തിൽ ഉണ്ടെന്നും ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസ് അന്വേഷണത്തിൽ പുരോഗതി ഇല്ലെങ്കിൽ പ്രതിഷേധം അറിയിക്കാൻ അവകാശമുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഓയൂരിലെ കേസിൽ ഇത്തരത്തിൽ പ്രതിഷേധം അറിയിക്കാൻ സമയം ആകുന്നതിനു മുൻപ് തന്നെ പോലീസ് സ്റ്റേഷൻ ഉപരോധിക്കാൻ ചിലർ പുറപ്പെട്ടെന്നും ഇത് സംബന്ധിച്ച് പ്രതിപക്ഷ നേതാവ് യുക്തി ബോധത്തിന് ചേരാത്ത പ്രതികരണം നടത്തിയതായും ഇത് വെറും രാഷ്ട്രീയ മുതലെടുപ്പ് ആയിട്ടേ കാണാൻ സാധിക്കുന്നു എന്നും മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ആലുവയിലെ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് 110 ദിവസത്തിനുള്ളിൽ ശിക്ഷ വാങ്ങിക്കൊടുക്കാൻ കഴിഞ്ഞത് കേരള പോലീസിന്റെ മികവാണെന്നും കുറച്ച് അധികം ദിവസങ്ങൾ അന്വേഷണത്തിനായി ഉപയോഗിച്ചാൽ കൂടിയും പോലീസിന് നേരെ ഉണ്ടാകുന്ന മുൻവിധിയോടുള്ള കുറ്റപ്പെടുത്തലുകൾ ശരിയായ കാര്യമല്ലെന്നും അറിയിച്ചിട്ടുണ്ട്. എകെജി സെന്ററിന് നേരെ ഉണ്ടായ ആക്രമണവും ഇലന്തൂർ നരബലിക്കേസും ഇത്തരത്തിലുള്ള മുൻവിധിയോടെയുള്ള കുറ്റപ്പെടുത്തലുകൾക്ക് ഉദാഹരണമാണ്. എലത്തൂർ ട്രെയിൻ തീവ്രപ്പ് കേസിലെ പ്രതിയെ പെട്ടെന്ന് പിടികൂടിയത് കേരള പോലീസിന്റെ മികവിന്റെ ഉദാഹരണങ്ങൾ ആണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.