November 28, 2024, 5:03 am

കൊലപാതക കേസിൽ 26 വർഷം ജയിലിൽ കഴിഞ്ഞയാളെ മോചിപ്പിച്ച് സുപ്രീംകോടതി

ന്യൂഡൽഹി : ഭാര്യാസഹോദരിയെ കൊല ചെയ്തു കവർച്ച നടത്തിയെന്ന കേസിൽ 26 വർഷമായി ജയിലിൽ കഴിയുന്ന അങ്കമാലി കറുകുറ്റി കൂവേലി ജോസഫിനെ (66) മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. തടവുശിക്ഷയിലൂടെ പരിവർത്തനമുണ്ടായ ആളെ എന്നെന്നേയ്ക്കുമായി ജയിലിലിടുന്നത് എന്തിനാണെന്നു കോടതി ചോദിച്ചു. ശിക്ഷാ ഇളവ് നിഷേധിക്കുന്നതു തുല്യതയ്ക്കും ജീവിക്കാനുമുള്ള അവകാശം സംബന്ധിച്ച ഭരണഘടനാവകുപ്പുകൾക്ക് എതിരാണെന്നു കോടതി ചൂണ്ടിക്കാട്ടി.ജോസഫിനെതിരെ ഇനി മറ്റു നിയമനടപടികൾ പാടില്ലെന്നു ജഡ്ജിമാരായ എസ്.രവീന്ദ്ര ഭട്ട്, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. പീഡിപ്പിച്ചു കൊലപ്പെടുത്തിയെന്നായിരുന്നു ജോസഫിനെതിരായ 1994 ലെ കേസ്. 1996 ൽ വിചാരണക്കോടതി വിട്ടയച്ചെങ്കിലും 1998 ൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഈ നടപടി 2000 ൽ സുപ്രീം കോടതിയും ശരിവച്ചെങ്കിലും പീഡനക്കുറ്റം ഒഴിവാക്കി. ജയിൽ ഉപദേശക സമിതിയുടെ മോചനശുപാർശ സർക്കാർ തുടർച്ചയായി നിഷേധിച്ചു. സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ടവരെ നേരത്തേ മോചിപ്പിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയ 2022 ലെ സർക്കാർ ഉത്തരവു ജോസഫിനു വിനയായി. എന്നാൽ, ശിക്ഷിക്കപ്പെട്ട 1998 ൽ നിലനിന്നിരുന്ന നയം ഇക്കാര്യത്തിൽ പരിഗണിക്കണമെന്നു ഹർജിക്കാരനു വേണ്ടി അഡോൾഫ് മാത്യു വാദിച്ചു. കുറ്റവാളിക്കുണ്ടായ മാറ്റം, നല്ല പെരുമാറ്റം എന്നിവ പരിഗണിക്കണമെന്നും കോടതി നിരീക്ഷിച്ചു. നിലവിൽ തിരുവനന്തപുരത്തെ തുറന്ന ജയിലിലാണ് ജോസഫുള്ളത്.

You may have missed