November 27, 2024, 11:16 pm

ഡിസൈന്‍ മാറ്റം വരുത്തിയ പുത്തന്‍ നിറത്തിലുളള രണ്ടാം വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരത് രണ്ടാം വന്ദേ ഭാരത് ട്രെയിന്‍ തിരുവനന്തപുരത്തെത്തി. ചെന്നൈയില്‍ നിന്നാണ് തിരുവനന്തപുരം കൊച്ചുവേളിയില്‍ ട്രെയിന്‍ എത്തിയത്. ഈ മാസം 24-നാണ് രണ്ടാം വന്ദേ ഭാരതിന്റെ ഉദ്ഘാടനം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയാണ് സര്‍വീസ്. പുതിയ നിറത്തിലുളള വന്ദേഭാരത് ട്രെയിനിന് ആകെ 8 കോച്ചുകളുണ്ട്. വെള്ളയും നീലയും നിറത്തിലുള്ള രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ കൂടി ബേസിന്‍ ബ്രിഡ്ജില്‍ തയ്യാറായിരുന്നെങ്കിലും ഡിസൈന്‍ മാറ്റം വരുത്തിയ പുതിയ നിറത്തിലുളള വന്ദേഭാരതാണ് കേരളത്തിന് അനുവദിച്ചത്. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിവിധ റൂട്ടുകളിലായി 9 വന്ദേഭാരത് സര്‍വീസുകള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഉദ്ഘാടനം ചെയ്യും. കാസര്‍ഗോഡ് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തിനായിരിക്കും രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ സര്‍വീസ്. രാവിലെ ഏഴു മണിക്ക് കാസര്‍ഗോഡ് നിന്ന് തിരിക്കുന്ന ട്രെയിന്‍ ഉച്ച കഴിഞ്ഞ് 3:05 ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 4:05ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച് രാത്രി 11:55ന് കാസര്‍ഗോഡ് എത്തുന്ന നിലയിലാകും സര്‍വീസ്. ആഴ്ചയില്‍ 6 ദിവസം സര്‍വീസ് ഉണ്ടാകും. തിരുവനന്തപുരത്തിനും കാസര്‍കോടിനും പുറമെ കൊല്ലം, ആലപ്പുഴ , എറണാകുളം സൗത്ത് , തൃശൂര്‍, ഷൊര്‍ണൂര്‍, കോഴിക്കോട്, കണ്ണൂര്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് ഉണ്ടാകും എന്നാണ് നിലവിലെ അറിയിപ്പ്. ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രാ സര്‍വീസ് ചൊവ്വാഴ്ചയോ ബുധനാഴ്ചയോ തുടങ്ങുമെന്നാണ് സൂചന.

You may have missed