മഹാരാഷ്ട്ര നിയമസഭയിലെ എം എൽ എമാരുടെ അയോഗ്യത; സ്പീക്കർക്ക് സുപ്രീം കോടതി വിമർശനം
ദില്ലി: മഹാരാഷ്ട്ര നിയമസഭയിലെ എം എൽ എമാരുടെ അയോഗ്യത സംബന്ധിച്ച വിഷയത്തിൽ തീരുമാനമെടുക്കാത്തതിൽ സ്പീക്കർ രാഹുൽ നർവേക്കർക്ക് സുപ്രീം കോടതിയുടെ വിമർശനം. അയോഗ്യത വിഷയത്തിൽ തീരുമാനം സ്പീക്കറുടെ തീരുമാനം അനന്തമായി നീളുന്നതാണ് സുപ്രീം കോടതിയെ ചൊടിപ്പിച്ചത്. തീരുമാനം ഇനിയും അനന്തമായി നീട്ടികൊണ്ടുപോകാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സ്പീക്കറുടെ തീരുമാനം നീളുന്നതിൽ സുപ്രീം കോടതി അതൃപ്തി വ്യക്തമാക്കുകയും ചെയ്തു. തീരുമാനമെടുക്കണമെന്ന സുപ്രീം കോടതി വിധി വന്നശേഷം സ്പീക്കർ എന്തെടുക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.ഒരാഴ്ച്ചയ്ക്കുള്ളിൽ ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്ന് ആവശ്യപ്പെട്ട സുപ്രീം കോടതി, കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കും എന്നും വ്യക്തമാക്കി. എം എൽ എമാരുടെ അയോഗ്യത വിഷയത്തിൽ സ്പൂക്കർ തീരുമാനമെടുക്കണമെന്ന് മെയ് മാസത്തിലാണ് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടത്. ഇത്രയും മാസമായിട്ടും തീരുമാനം എടുക്കാത്തതോടെയാണ് സുപ്രീം കോടതി രാഹുൽ നർവേക്കറെ വിമർശിച്ചത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.ഇന്ന് കേസ് പരിഗണിക്കവെ ശിവസേന ഉദ്ദവ് താക്കറെ വിഭാഗവും സ്പീക്കറെ വിമർശിച്ചിരുന്നു. സ്പീക്കർ തീരുമാനം എടുക്കാതെ നീട്ടുകയാണെന്നും കൂറുമാറ്റം നടത്തിയ എം എൽ എമാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നതെന്നുമാണ് ഉദ്ദവ് പക്ഷത്തിന്റെ വിമർശനം. ഉദ്ദവ് താക്കറെ സർക്കാരിനെ അട്ടിമറിച്ച് ഏക്നാഥ് ഷിൻഡേയുടെ നേതൃത്വത്തിൽ മറുകണ്ടം ചാടിയ എം എൽ എ മാരെ അയോഗ്യരാക്കണമെന്ന ആവശ്യമാണ് ഉദ്ദവ് വിഭാഗം മുന്നോട്ടുവച്ചിരിക്കുന്നത്. ഉദ്ദവ് പക്ഷം നൽകിയ നോട്ടീസിലാണ് തീരുമാനം എടുക്കാൻ സുപ്രീം കോടതി ഭരണഘടന ബെഞ്ച് സ്പീക്കറെ ചുമതലപ്പെടുത്തിയത്. സുപ്രീം കോടതിയുടെ ഇന്നത്തെ ഇടപെടലോടെ വൈകാതെ തന്നെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.