നിപ; തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്
തിരുവനന്തപുരം: നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയട്ടില്‍ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.
72 കാരിയായ കാട്ടാകട സ്വദേശിനിയുടെ അടുത്ത ബന്ധുക്കള്‍ കോഴിക്കോട് നിന്ന് തിരുവനന്തപുരത്ത് വന്നിരുന്നു. പിന്നാലെ ഇവര്‍ക്ക് പനിയുണ്ടായി. ഇതേ തുടര്‍ന്ന് മുന്‍കരുതല്‍ എന്ന നിലയില്‍ ഇവരെ ജനറല്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലേക്ക് മാറ്റുകയായിരുന്നു. ഇവരുടെയും സാമ്പിള്‍ പരിശോധനയ്ക്കായി തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് അയച്ചിരിക്കുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചിട്ടുണ്ട്.
അതേസമയം സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കല്‍ കോളജില്‍ ഐസോലേഷനിലാക്കി. ഇതില്‍ ഒരാള്‍ ആരോഗ്യപ്രവര്‍ത്തകയാണ്. സമ്പര്‍ക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് ചികിത്സയിലുള്ള നാല് പേരുടെയും നിലയില്‍ പുരോഗതിയുണ്ട്. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.