സിറാജിന്റെ ലങ്കാദഹനം; എട്ടാം കപ്പ് എറിഞ്ഞിട്ട് ഇന്ത്യ
മുഹമ്മദ് സിറാജിന്റെ തീവേഗമുള്ള ബൗളിങ്ങിന് മുന്നിൽ ശ്രീലങ്ക നിഷ്പ്രഭരായപ്പോൾ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് കിരീടം. ശ്രീലങ്കയെ 10 വിക്കറ്റിനാണ് ഇന്ത്യ തകർത്തത്. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 50 റൺസിന് പുറത്താക്കിയ ഇന്ത്യ 6.1 ഓവറിൽ ലക്ഷ്യം മറികടന്നു. ഇന്ത്യയുടെ എട്ടാം ഏഷ്യാ കപ്പ് കിരീടനേട്ടമാണിത്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് ആദ്യ ഓവറിൽ തന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. പിന്നീടങ്ങോട്ട് മുഹമ്മദ് സിറാജിന് മുന്നിൽ ശ്രീലങ്ക തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. വെറും 16 ബോളിൽ അഞ്ച് വിക്കറ്റ് വീഴ്ത്തിയ സിറാജ് ലങ്കയെ ഉയിർത്തെഴുന്നേൽക്കാനാവാത്ത വിധം പ്രഹരമേൽപ്പിച്ചു. തുടരെത്തുടരെ വിക്കറ്റുകൾ വീണതോടെ ലങ്കയുടെ ഇന്നിംഗ്സ് 50ൽ അവസാനിച്ചു. സിറാജ് ഏഴ് ഓവറിൽ 21 റൺസ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി. ഹാർദിക് പാണ്ഡ്യ മൂന്ന് വിക്കറ്റ് എടുത്തു. 17 റൺസ് എടുത്ത കുശാൽ മെൻഡിസും 13 റൺസെടുത്ത ഹേമന്തയും മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ ഓപ്പണർമാരായ ഇഷാൻ കിഷനും(23) ശുഭ്മാൻ ഗില്ലിനും(27) ചടങ്ങ് പൂർത്തിയാക്കുക മാത്രമേ വേണ്ടിയിരുന്നുള്ളൂ. 263 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ വിജയം കണ്ടു.
2000 ൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യയെ 54 റൺസിന് ഓൾ ഔട്ടാക്കി കിരീടം നേടിയ ശ്രീലങ്കയോടുള്ള മധുര പ്രതികാരം കൂടിയായി രോഹിത് ശർമ്മയ്ക്കും സംഘത്തിനുമിത്.