ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ട; ആവശ്യം തള്ളി കേരള ഹൈക്കോടതി
കൊച്ചി: ക്ഷേത്ര പരിസരത്ത് കാവിക്കൊടി സ്ഥാപിക്കണമെന്ന ആവശ്യം തള്ളി കേരള ഹൈക്കോടതി. ക്ഷേത്രത്തില്‍ പ്രാധാന്യം വിശുദ്ധിക്കും ബഹുമാനത്തിനുമാണ്. ഈ വിശുദ്ധി രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ട് ഇല്ലാതാക്കാന്‍ ആകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രങ്ങള്‍ ആത്മീയതയുടെയും ശാന്തിയുടെയും വിളക്കുമാടങ്ങളാണ്. ഇവയുടെ പരിസരത്ത് ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരങ്ങള്‍ നടത്താന്‍ അധികാരമില്ലാത്ത പതാകകളോ കൊടിതോരണങ്ങളോ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജ വിജയരാഘവന്‍ ആണ് ഹര്‍ജി പരിഗണിച്ചത്. കൊല്ലം മുതുപിലക്കാട് സ്വദേശികളായ ഇന്ദ്രജിത്, ശ്രീനാഥ് എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. മുതുപിലക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ കാവിക്കൊടി സ്ഥാപിച്ചതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ക്ഷേത്രത്തില്‍ കാവിക്കൊടി സ്ഥാപിച്ചതിനെതിരെ ചിലര്‍ രംഗത്തുവന്നിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിക്കാര്‍ കോടതിയിലെത്തിയത്. കാവിക്കൊടി സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‍ തടഞ്ഞെന്നും ക്ഷേത്രാരാധന തടസപ്പെടുത്തിയെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിക്കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്രത്യേക പാര്‍ട്ടിയില്‍പ്പെട്ട പതാകയാണ് ക്ഷേത്ര പരിസരത്ത് സ്ഥാപിച്ചതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്തരത്തില്‍ പതാകകള്‍ സ്ഥാപിക്കുന്നത് ക്ഷേത്രത്തില്‍ പ്രശ്നങ്ങളുണ്ടാകാന്‍ ഇടയാക്കും. ക്ഷേത്ര പരിസരത്ത് ബാനറുകളും പതാകകളും നീക്കം ചെയ്യണമെന്ന മുന്‍പേയുള്ള ഹൈക്കോടതി ഉത്തരവും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.