ചങ്ങനാശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ പുതിയ ടെർമിനലിന്റെ അന്തിമ രൂപരേഖയ്ക്ക് അംഗീകാരം
ചങ്ങനാശേരി കെ എസ് ആർ ടി സി ഡിപ്പോയിലെ പുതിയ ടെർമിനലിന്റെ അന്തിമ രൂപരേഖയ്ക്ക് അംഗീകാരം.യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ, പാർക്കിങ്, ശുചിമുറി എന്നിവ ഉൾപ്പെടെയുള്ള സംവിധാനങ്ങളോടെ ബഹുനില കെട്ടിടമാണു നിർമിക്കുക. ഇതുമായി ബന്ധപ്പെട്ടു ഗതാഗത മന്ത്രിയുമായും കെ എസ് ആർ ടി സി എംഡി ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുമായും ചർച്ചകൾ നടത്തിയിരുന്നു.ആദ്യഘട്ടമായി 7 കോടി രൂപയുടെ പദ്ധതിക്കുള്ള ഡി പി ആർ തയാറാക്കി. ഇതിനാണ് അംഗീകാരം. 2018 -19, 2020 – 21 വർഷം എംഎൽഎ ഫണ്ടിൽ നിന്നു നീക്കിവച്ചിരുന്ന 5.15 കോടി രൂപയ്ക്കു പുറമേ എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നു പുതുതായി 2.20 കോടി രൂപ കൂടി അനുവദിച്ചാണു പദ്ധതി നടപ്പാക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് അനുസരിച്ചു രണ്ടാം ഘട്ട നിർമ്മാണത്തിന് തുക അനുവദിക്കും.