എസ്എന്‍സി ലാവ്‌ലിന്‍ കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയെ ബെഞ്ചാണ് കേസ് പരിഗണിക്കുക.പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നല്‍കിയ അപ്പീല്‍ ആണ് സുപ്രീം കോടതി പരിഗണിക്കുന്നത്. ജൂലൈയില്‍ കേസ് പരിഗണിച്ചപ്പോള്‍ സി.ബി.ഐയാണ് കേസ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നത്. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹാജരായ ഹരീഷ് സാല്‍വേയാണ് കോടതിയില്‍ ഹാജരായത്. ഹൈക്കോടതി ഉത്തരവു പ്രകാരം വിചാരണ പരിധിയില്‍ വരുന്ന വൈദ്യുതി ബോര്‍ഡിന്റെ മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി.രാജശേഖരന്‍ നായര്‍ , ബോര്‍ഡിന്റെ മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് എന്‍ജിനീയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവരുടെ ഹര്‍ജിയും ഇതോടൊപ്പം പരിഗണിക്കുന്നുണ്ട് . 2017ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 34 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ് എന്‍ സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേട് ഉണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ സെക്രട്ടറി കെ മോഹനചന്ദ്രന്‍, മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടിക്കെതിരെ സിബിഐ സമര്‍പ്പിച്ച അപ്പീലാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.