ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി
കൊച്ചി : സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി കുടിശ്ശിക വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് മറുപടി തേടി ഹൈക്കോടതി. പ്രധാനാധ്യാപകർക്ക് നൽകാനുള്ള കുടിശ്ശിക തുക എന്ന് കൊടുത്തു തീർക്കുമെന്ന് സർക്കാർ അറിയിക്കണമെന്ന് കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. വിഷയത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ട് അധ്യാപക സംഘടന നൽകിയ ഹർജിയിലാണ് കോടതി നടപടി. കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാൻ കാരണമെന്നാണ് സർക്കാർ അറിയിച്ചത്. അതേസമയം തുകയെ ചൊല്ലി കേന്ദ്ര സംസ്ഥാന പോര് തുടരുകയാണ്. കേരളത്തിനായി തുക അനുവദിച്ചെന്നും സംസ്ഥാനവിഹിതം ഉച്ചഭക്ഷണ പദ്ധതിയുടെ നോഡൽ അക്കൗണ്ടില്‍ നിക്ഷേപിച്ചില്ലെന്നും കേന്ദ്രം കുറ്റപ്പെടുത്തി. സാങ്കേതികത്വം പറഞ്ഞ് കേന്ദ്രം പണം മുടക്കുന്നുവെന്നാണ് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തുന്നത്. 2021-22 വർഷത്തെ പദ്ധതിക്കുള്ള കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്. പദ്ധതിയുടെ ഭാഗമായി സംസ്ഥാന വിഹിതമായ 76.78 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നോഡൽ അക്കൗണ്ടിലേക്ക് കൈമാറണം. എന്നാൽ സർക്കാർ ഇത് ചെയ്തില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. തുക അടയ്ക്കാൻ കഴിഞ്ഞ മാസം 31 വരെ ഇളവ് അനുവദിച്ചു. സംസ്ഥാനവിഹിതം ഉൾപ്പെടെ തുക ചെലവഴിക്കാത്തതിനാൽ ഈ വർഷത്തെ തുക അനുവദിക്കാനാകില്ലെന്നാണ് കേന്ദ്രം പറയുന്നത്. 2023–24 വർഷത്തെ പിഎം പോഷൻ പദ്ധതിയുടെ ആദ്യ ഗഡു ലഭ്യമാക്കാൻ ഇക്കാര്യങ്ങൾ നടപ്പാക്കാൻ നിർദേശിച്ച് ഓഗസ്റ്റ് എട്ടിന് കേന്ദ്രം സംസ്ഥാന സർക്കാരിന് കത്ത് നൽകിയെന്നും കേന്ദ്രം പറയുന്നു. എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് കേന്ദ്രം ഫണ്ട് തടയുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കേന്ദ്രവിഹിതം ലഭിക്കാൻ വൈകിയതിനാൽ 2021 -22ലെ കേന്ദ്രവിഹിതം അടക്കം 209 കോടി രൂപ സംസ്ഥാനം ചെലവഴിച്ചെന്ന് വിദ്യാഭ്യാസ വകുപ്പ് പറയുന്നു. ഈ കണക്കുകൾ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ചെലവഴിച്ച തുക എന്ന നിലയിലാണ് 132.9 കോടി രൂപ നൽകിയതെന്നാണ് സംസ്ഥാന സർക്കാർ വിശദീകരിക്കുന്നു. ഒരിക്കൽ ചെലവഴിച്ച തുക നോഡൽ അക്കൗണ്ടിൽ നിക്ഷേപിക്കാനാകില്ലെന്നും സംസ്ഥാനം വ്യക്തമാക്കുന്നു. ഇക്കാര്യങ്ങൾ കേന്ദ്രത്തെ ബോധ്യപ്പെടുത്തിയതാണെന്ന് സംസ്ഥാനം പറയുന്നു.