April 20, 2025, 11:51 am

എസ്.എം.എസ് അലര്‍ട്ട്; ഈടാക്കുന്ന ചാര്‍ജ് വിവരങ്ങള്‍ അറിയിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി ഹൈക്കോടതി

ഇടപാടുകാര്‍ക്ക് എസ്.എം.എസ് അലര്‍ട്ട് നല്‍കുന്നതിന് ചാര്‍ജ് ഈടാക്കുന്നത് പ്രതിമാസം നിശ്ചയിച്ച നിരക്കിലാണോ അതോ യഥാര്‍ഥ ഉപയോഗത്തിന്റെ അടിസ്ഥാനത്തിലാണോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ബാങ്കുകള്‍ക്ക് നല്‍കിയ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണമെന്നും എസ്.എം.എസ് അലര്‍ട്ടിന് ബാങ്കുകള്‍ ഈടാക്കിയ ചാര്‍ജിന്റെ വിവരങ്ങള്‍ സമാഹരിക്കണമെന്നും റിസര്‍വ് ബാങ്കിനോട് ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് വി.ജി അരുണ്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. റിസര്‍വ് ബാങ്കിന്റെ നിര്‍ദേശ പ്രകാരം യഥാര്‍ഥ ഉപയോഗത്തിന്റെ അടിസ്ഥാനത്തില്‍ ചാര്‍ജ് ഈടാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ആസ്ഥാനമായ ബാങ്ക് ആന്‍ഡ് ഫിനാന്‍സ് അക്കൗണ്ട് ഹോള്‍ഡേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.