November 28, 2024, 10:17 am

പിൻഗാമിയെ കാത്ത് പുതുപ്പള്ളി; സ്ട്രോങ്ങ് റൂം തുറന്നു

കോട്ടയം: അരനൂറ്റാണ്ടിന് ശേഷം പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുമുഖം ആരെന്ന് ഇന്ന് രാവിലെയോടെ അറിയാം. കോട്ടയം ബസേലിയസ് കോളേജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ ആദ്യ റൗണ്ട് എണ്ണിത്തീരുമ്പോൾ തന്നെ ട്രെൻഡ് വ്യക്തമാകും. കൗണ്ടിംഗ് ഉദ്യോഗസ്ഥർ എത്തിച്ചേർന്നിട്ടുണ്ട്. 1,28,535 പേരാണ് പുതുപ്പള്ളിയിൽ വിധിയെഴുതിയത്. ഇതിൽ സ്ത്രീവോട്ടർമാരാണ് കൂടുതൽ. 64,455 പേർ സ്ത്രീകളും 64,078 പേർ പുരുഷന്മാരും രണ്ട് പേർ ട്രൻസ്ജൻഡറുമാണ്. രാവിലെ 9 മണിയോടെ തന്നെ ആദ്യ ഫലസൂചനകൾ എത്തി തുടങ്ങും. ആകെ 20 മേശകളാണ് കൗണ്ടിംഗിനായി തയ്യാറാക്കിയിരിക്കുന്നത്. 14 മേശകളിൽ വോട്ടിംഗ് യന്ത്രങ്ങളും 5 മേശകളിൽ അസന്നിഹിത വോട്ടുകളും ഒരു ടേബിളിൽ സർവീസ് വോട്ടുകളും എണ്ണും. 13 റൗണ്ടുകളിലായി വോട്ടിംഗ് യന്ത്രങ്ങൾ എണ്ണിത്തീരും. അയർക്കുന്നം പഞ്ചായത്തിലെ 28 ബൂത്തുകളാണ് ആദ്യ രണ്ട് റൗണ്ടുകളിലായി എണ്ണുന്നത്. ഈ റൗണ്ടുകൾ എണ്ണിക്കഴിയുമ്പോൾ തന്നെ കൃത്യമായ ഫലസൂചന കിട്ടും. കടുത്ത മത്സരം നടന്ന 2021ൽ പോലും ഉമ്മൻ ചാണ്ടിക്ക് 1293 വോട്ടിൻറെ ഭൂരിപക്ഷം അയർക്കുന്നത്ത് കിട്ടിയിരുന്നു. അയ്യായിരത്തിന് മുകളിലുള്ള ലീഡാണ് യു ഡിഎഫ് ഇത്തവണ ഇവിടെ പ്രതീക്ഷിക്കുന്നത്. ലീഡ് 2000 ൽ താഴെ പിടിച്ചുനിർത്തിയാൽ ഇടതുമുന്നണിക്കും പ്രതീക്ഷ നിലനിർത്താം. പിന്നാലെ അകലക്കുന്നം, കൂരോപ്പട, മണർകാട്, പാമ്പാടി, പുതുപ്പള്ളി, മീനടം, വാകത്താനം പഞ്ചായത്തുകളും എണ്ണും. 2491 അസന്നിഹിത വോട്ടുകളും 138 സർവീസ് വോട്ടുകളും ആറ് മേശകളിലായി ഇതോടൊപ്പം എണ്ണിത്തീരും. എട്ടേകാലോടെ ആദ്യ ഫലസൂചനകൾ കിട്ടിത്തുടങ്ങും.

You may have missed