April 4, 2025, 3:25 pm

ഏകപക്ഷീയമായി വിധി തീര്‍പ്പിനില്ല,  പുതുപ്പള്ളിയുടെ വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരും- ജെയ്ക്ക് 

ഏക പക്ഷീയമായ വിധി തീര്‍പ്പിനില്ലെന്നും പുതുപ്പള്ളിയുടെ വികസനത്തിനായുള്ള രാഷ്ട്രീയ സമരങ്ങള്‍ തുടരുമെന്നും എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജെയ്ക്ക് സി. തോമസ്.പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ജെയ്ക്ക്. ഇതുവരെയുള്ള ഉപ തെരഞ്ഞെടുപ്പുകളുടെ ചരിത്രമെന്താണ് നമുക്കെല്ലാവര്‍ക്കുമറിയാം. അതില്‍ പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിന്‍റെ പ്രത്യേകത എന്താണെന്നുമറിയാം.ആദരണീയനായ മുന്‍ മുഖ്യമന്ത്രിയുടെ മരണാനന്തരം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് ഉപതെരഞ്ഞെടുപ്പിന്‍റെ പ്രഖ്യാപനം വരുന്നത്. വോട്ടെടുപ്പ് നടക്കുന്നതിന്‍റെ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മരിച്ചിന്‍റെ 40 -ാം ദിവസം. ഇത്തരമൊരു അന്തരീക്ഷത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പില്‍ ജീവിത പ്രശ്നങ്ങളും വികസനവുമാണ് എല്‍ ഡി എഫ് മുന്നോട്ടുവെച്ചത്. പക്ഷേ പുതുപ്പള്ളിയുടെ വികസനവും ജീവിത പ്രശ്നങ്ങളുമൊക്കെ ചര്‍ച്ച ചെയ്യാന്‍ ഞങ്ങള്‍ തയ്യാറായപ്പോള്‍ അതിനോട് യു ഡി എഫ് മുഖംതിരിച്ചു. ചില പേരുകളെ സൃഷ്ടിച്ച് അതിന്‍റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ് ഉണ്ടാക്കുകയെന്നത് മാത്രമായിരുന്നു അവരുടെ ശ്രമം. തെരഞ്ഞെടുപ്പ് ഫലത്തില്‍ ഏകപക്ഷീയമായ വിധി തീര്‍പ്പിനില്ല. പുതുപ്പള്ളിയുടെ മുന്നേറ്റത്തിനും വികസനത്തിനുമുള്ള രാഷ്ട്രീയ സമരങ്ങളും ശ്രമങ്ങളും ഇനിയും തുടരുമെന്നും ജെയ്ക്ക് സി. തോമസ് പറഞ്ഞു.