ഉമ്മൻചാണ്ടിക്ക്പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ
തിരുവനന്തപുരം: ഉമ്മൻചാണ്ടിക്ക് മണ്ഡലത്തിലെ പകരക്കാരൻ മകൻ ചാണ്ടി ഉമ്മൻ. ജനനായകൻ ഉമ്മൻചാണ്ടി 53 വർഷം തുടർച്ചയായി നിലനിർത്തിയ പുതുപ്പള്ളി മണ്ഡലത്തിൽ മകൻ ചാണ്ടി ഉമ്മന് അഭിമാന വിജയം. 36454 വോട്ടുകൾക്കാണ് ചാണ്ടി ഉമ്മൻ സിപിഎമ്മിലെ ജെയ്ക്ക് സി.തോമസിനെ പരാജയപ്പെടുത്തിയത്. ചാണ്ടി ഉമ്മൻ 78098 വോട്ടും ജെയ്ക്ക് സി. തോമസ് 41644 വോട്ടും ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ 6447 വോട്ടും നേടി. ഉമ്മൻ ചാണ്ടിയോട് രണ്ടു തവണ പരാജയപ്പെട്ട ജെയ്ക്ക്, ചാണ്ടി ഉമ്മനു മുന്നിലും പരാജയപ്പെട്ടു. 9044 എന്ന ഉമ്മൻചാണ്ടിയുടെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം ചാണ്ടി ഉമ്മൻ 36454 ആയി ഉയർത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 63,372 വോട്ടാണ് ഉമ്മന്‍ചാണ്ടിക്കു ലഭിച്ചത്. ജെയ്ക്കിന് 54328, ബിജെപിയുടെ എന്‍. ഹരിക്ക് 11,694 വോട്ടുമാണ് ലഭിച്ചിരുന്നത്. എല്‍ഡിഎഫിന് 12,684 വോട്ട് ഇത്തവണ കുറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ഓർമകളുടെ കരുത്തുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ചാണ്ടി ഉമ്മന്, പിതാവിനോടുള്ള സ്നേഹം പുതുപ്പള്ളിക്കാർ വോട്ടായി നൽകി. പുതുപ്പള്ളിയിൽ വിജയത്തിനായി ഒത്തൊരുമയോടെ പ്രവർത്തിച്ച യുഡിഎഫ് ടീം കരുത്ത് കാട്ടി. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർന്ന ആരോപണങ്ങൾ ജനം തള്ളിയെന്നാണ് കരുത്തുറ്റ ജയം തെളിയിക്കുന്നത്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ മീനടത്തും അയർകുന്നത്തും മാത്രമാണ് യുഡിഎഫ് ഭരണം. കഴിഞ്ഞ തവണ ഉമ്മൻചാണ്ടിയുടെ ഭൂരിപക്ഷം 9044 ആയി കുറഞ്ഞെങ്കിലും മണർകാട് ഒഴികെ 7 പഞ്ചായത്തുകളിൽ യുഡിഎഫ് ലീഡ് നേടിയിരുന്നു. ഇത്തവണ എല്ലാ പഞ്ചായത്തുകളിലും ആധിപത്യം നേടാൻ ചാണ്ടി ഉമ്മന് കഴിഞ്ഞു.