എറണാകുളം മെഡിക്കല്‍ കോളേജ്; 10 കോടിയുടെ വികസന പദ്ധതികള്‍ക്ക് അനുമതി
എറണാകുളം മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും സാമഗ്രികള്‍ക്കുമായി 8.14 കോടി രൂപയും വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്കും നവീകരണത്തിനുമായി 1.86 കോടി രൂപയുമാണ് അനുവദിച്ചത്. ഇതിലൂടെ എറണാകുളം മെഡിക്കല്‍ കോളേജില്‍ കൂടുതല്‍ വികസനം സാധ്യമാകുമെന്ന് മന്ത്രി വ്യക്തമാക്കി. മെഡിക്കല്‍ കോളേജില്‍ ആദ്യമായി പള്‍മണോളജി വിഭാഗത്തില്‍ 1.10 കോടിയുടെ എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് (EBUS), കാര്‍ഡിയോളജി വിഭാഗത്തില്‍ 1.20 കോടിയുടെ കാര്‍ഡിയാക് ഒസിടി വിത്ത് എഫ്എഫ്ആര്‍, റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ 42 ലക്ഷം രൂപയുടെ അള്‍ട്രാസൗണ്ട് മെഷീന്‍ വിത്ത് കളര്‍ ഡോപ്ലര്‍ 3ഡി/4ഡി ഹൈ എന്‍ഡ് മോഡല്‍, ഇഎന്‍ടി വിഭാഗത്തില്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ്, അനസ്‌തേഷ്യ വിഭാഗത്തില്‍ ഡിഫിബ്രിലേറ്റര്‍, അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, മെഡിസിന്‍ വിഭാഗത്തില്‍ 2 ഡിഫിബ്രിലേറ്റര്‍, സര്‍ജറി വിഭാഗത്തില്‍ ലാപറോസ്‌കോപിക് ഇന്‍സുഫ്‌ളേറ്റര്‍, വിവിധ വിഭാഗങ്ങളിലെ കെമിക്കലുകള്‍, ഗ്ലാസ് വെയര്‍, എക്‌സ്‌റേ, സി.ടി., എം.ആര്‍.ഐ. ഫിലിം, മെഡിക്കല്‍ ഗ്യാസ്, ബ്ലഡ് ബാഗ് തുടങ്ങിയവ സജ്ജമാക്കാന്‍ തുകയനുവദിച്ചു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലും പത്തോളജി ബ്ലോക്കിലും എന്‍.എം.സി. മാര്‍ഗനിര്‍ദേശമനുസരിച്ചുള്ള സിസിടിവി സിസ്റ്റം, അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിലും ഹോസ്പിറ്റല്‍ ബ്ലോക്കിലും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ മോട്ടോറൈസ്ഡ് ഒ.ടി. ടേബിള്‍, ഇഎന്‍ടി വിഭാഗത്തില്‍ മാനിക്വിന്‍സ്, ഹിസ്റ്റോപത്തോളജി വിഭാഗത്തില്‍ മോണോക്യുലര്‍ മൈക്രോസ്‌കോപ്പ്, മൈക്രോബയോളജി വിഭാഗത്തില്‍ ഇന്‍ക്യുബേറ്റര്‍ ലാര്‍ജ് തുടങ്ങിയ വിവിധ ആശുപത്രി സാമഗ്രികള്‍ക്കും തുകയനുവദിച്ചു. കൂടാതെ സിവില്‍ ഇലട്രിക്കല്‍ വാര്‍ഷിക മെയിന്റനന്‍സ്, കാര്‍ഡിയോളജി ബ്ലോക്കിലെ നവീകരണം എന്നിവയ്ക്കായും തുകയനുവദിച്ചിട്ടുണ്ട്.