November 28, 2024, 1:02 am

മാധ്യമങ്ങള്‍ക്കും കോണ്‍ഗ്രസ്സിനും എതിരെ ആഞ്ഞടിച്ച് എംഎം മണി, ഒരു വേട്ടയാടലും കമ്യൂണിസ്റ്റുകള്‍ക്ക് മുന്നില്‍ വിലപ്പോകില്ലന്ന്

യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചാല്‍ പോലും ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കില്ലന്ന് സി.പി.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണി. എക്‌സ് പ്രസ്സ് കേരളക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇത്തരം ഒരു പ്രതികരണം അദ്ദേഹം നടത്തിയിരിക്കുന്നത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ജയ്ക്ക് ജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ആണ് ഒന്നാമത്തെ ചര്‍ച്ചയെന്നും എം.എം മണി ചൂണ്ടിക്കാട്ടി. ഇത്രയുംനാള്‍ ഇവിടെ ജനപ്രതിനിധിയായി തുടര്‍ന്ന മുന്‍ മുഖ്യമന്ത്രിയും, എം എല്‍ എയും, പ്രതിപക്ഷ നേതാവും എല്ലാമായിരുന്നു ഉമ്മന്‍ ചാണ്ടി വികസന രംഗത്ത് ഈ മണ്ഡലത്തെ അവഗണിക്കുകയായിരുന്നു എന്ന കുറ്റപ്പെടുത്തലും അദ്ദേഹം നടത്തി. അതിവിടുത്തെ മുഖ്യ പ്രശ്‌നമാണ്. കാരണം കോട്ടയം ജില്ലയുടെ ഹൃദയ ഭാഗമായതുകൊണ്ട് തന്നെ അതൊരു വലിയ വിഷയമാണ്. മാത്രവുമല്ല കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇടതുപക്ഷ ജനാതിപത്യ മുന്നണിക്ക് അനുകൂലവുമാണ്. അതുകൊണ്ട് തന്നെ തികഞ്ഞ ആത്മവിശ്വാസവും പ്രതീക്ഷയുമാണ് ഇടതുപക്ഷം ജയിക്കുമെന്നതിലുള്ളതെന്നും സി.പി.എം നേതാവ് വ്യക്തമാക്കി.
യു ഡി എഫിന്റെ സ്ഥാനാര്ഥിയെന്ന നിലയില്‍ ചാണ്ടി ഉമ്മാന്റെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ വിലയിരുത്തും. അദ്ദേഹം ഒരു ചെറുപ്പക്കാരന്‍ ആണ്. പൊതുരംഗത്ത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍, പൊതുരംഗത്ത് അദ്ദേഹത്തിന്റെ സംഭാവനകളുടെ അടിസ്ഥാനത്തില്‍ മണ്ഡലത്തിലെ ജനങ്ങള്‍ തന്നെ വിലയിരുത്തട്ടെ. മാധ്യമങ്ങളും മഹാഭൂരിപക്ഷവും എന്നും ഇടതുപക്ഷത്തിന് എതിരാണ്. മലയാള മനോരമ മാതൃഭൂമി, മംഗളം എന്നിവയെല്ലാം തന്നെ, ഇടതുപക്ഷത്തിനെതിരാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ എക്കാലവും തകര്‍ക്കാന്‍ ശ്രമിക്കുന്നവരാണ് ഇവര്‍. അതുകൊണ്ട് ഇപ്പോള്‍ അതില്‍ പുതുതായിപറയേണ്ട കാര്യമില്ല. അത്തരം മാധ്യമങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഒന്നും ഇടതുപക്ഷത്തെ ബാധിക്കുകയും ഇല്ല. എം എം മണി ചൂണ്ടിക്കാട്ടി. ഇടതുപക്ഷം തകര്‍ന്നു പോകാനാണെങ്കില്‍ മലയാള മനോരമയും മാതൃഭൂമിയും മംഗളവും മാമാങ്കവും തുടങ്ങി… പുതിയ ഓണ്‍ലൈന്‍ ചാനലുകള്‍ വരെ കൊണ്ടുവന്ന അപവാദ പ്രചാരണങ്ങള്‍ കൊണ്ട് ഇടതുപക്ഷം തീര്‍ന്നു പോകേണ്ടതായിരുന്നുവല്ലോ എന്ന ചോദ്യമാണ് അദ്ദേഹം ഉയര്‍ത്തിയത്. ഇതു കൊണ്ടൊന്നും ഞങ്ങള്‍ക്കൊരു ചുക്കും സംഭവിച്ചിട്ടില്ലന്നും ഞങ്ങളുടെ പാര്‍ട്ടിയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തതെന്നും എം.എം മണി പറഞ്ഞു. ഇടതുപക്ഷം ജനങ്ങള്‍ക്കിടയില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ള സത്യസന്ധമായ കാര്യങ്ങള്‍ പറയും. എന്ത് ആരോപണം വന്നാലും ജനങ്ങളെ അണിനിരത്തി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചതിനെ നേരിടുക എന്നതാണ് ഇടതുപക്ഷത്തിന്റെ മാര്‍ഗ്ഗം. അല്ലാതെ മറ്റു വഴിവിട്ട മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുമില്ല. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ ഏതെങ്കിലും ഒന്ന് വിശ്വാസത്തില്‍ എടുത്തിരുന്നു എങ്കില്‍, ഇന്ത്യയിലും കേരളത്തിലും ഇന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെ ഉണ്ടാകുകയില്ലായിരുന്നു. പണ്ടു തന്നെ അത് ഇല്ലാതായി പോകുമായിരുന്നു.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയും എന്നത് ഒരു ആശയമാണ്. . ഒരു രാഷ്ട്രീയ കൂട്ടുകെട്ടാണ്… സി.പി.എം എന്നു പറയുന്നത് കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ്. ഈ പാര്‍ട്ടിയുടെ നേതാക്കളെ മര്‍ദ്ദിച്ചു ഒതുക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ട്. നിരവധി ആളുകളെ ജയിലില്‍ ഇട്ട് കോണ്‍ഗ്രസും ബ്രിട്ടീഷുകാരും കൊന്നിട്ടുമുണ്ട്. എന്നിട്ടും കമ്യൂണിസ്റ്റുകള്‍ തകര്‍ന്നിട്ടില്ല. ഇപ്പോഴും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ട് ഇത്തരം ആരോപണങ്ങള്‍ ഒന്നും ഞങ്ങള്‍ക്ക് ബാധകമല്ല. ഉമ്മന്‍ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളൊന്നും , ഇടതുപക്ഷേ ബാധിക്കേണ്ട കാര്യമില്ലന്നും എം.എം മണി വ്യക്തമാക്കി..അത് ആ കുടുംബത്തെയും കോണ്‍ഗ്രസ് നേതൃത്വത്തെയും ആണ് ബാധിക്കുക. ഉമ്മന്‍ചാണ്ടിയും ഇടതുപക്ഷവുമായി ഒരു ബന്ധവു മില്ല അതുകൊണ്ടുതന്നെ ആ വിഷയം ഞങ്ങളെ ബാധിക്കുകയുമില്ല.കേരള രാഷ്ട്രീയത്തില്‍ പുതുപ്പള്ളിയുടെ വിധി അനുകൂലമായാല്‍ ഒരു പുതിയ ചലനം ഇടതുപക്ഷത്തിന് ഉണ്ടാകും. പരമ്പരാഗതമായി കോണ്‍ഗ്രസ് ജയിക്കുന്ന ഒരു മണ്ഡലമാണിത്. ആ വസ്തുത കണക്കാക്കിക്കൊണ്ട് തന്നെയാണ് ഇടതുപക്ഷം ഈ മത്സരത്തെ സമീപിക്കുന്നത്. അതുകൊണ്ട് തന്നെയാണ് , യുഡിഎഫ് ജയിച്ചാല്‍ പോലും കേരളത്തില്‍ ഇടതുപക്ഷത്തിന് ഒന്നും സംഭവിക്കില്ലന്നും പറയുന്നത്. ഞങ്ങള്‍ ജനങ്ങളെ അണിനിരത്തി ജനങ്ങളോടൊപ്പം നിന്ന് പ്രവര്‍ത്തിക്കുന്നവരാണ്. അത് ഇനിയും തുടരുക തന്നെ ചെയ്യുമെന്നും എം.എം. മണി പറഞ്ഞു

You may have missed