November 28, 2024, 1:18 am

‘പുതുപ്പള്ളിയിൽ പ്രചാരണത്തിന് കൊലക്കേസ് പ്രതി’; ചാണ്ടി മറുപടി പറയണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കോണ്‍ഗ്രസ് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണെന്ന് ഡിവൈഎഫ്‌ഐ. ധീരജ് കൊലക്കേസ് പ്രതിയായ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞു. യുഡിഎഫ് പ്രചാരണം നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

ഡിവൈഎഫ്‌ഐയുടെ കുറിപ്പ്

”ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊലയാളികളെ രംഗത്തിറക്കിയിരിക്കുകയാണ്. ഇടുക്കി ഗവ: എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥി ധീരജിനെ കുത്തി കൊലപ്പെടുത്തിയ നിഖില്‍ പൈലിയെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായി നിയമിക്കുകയും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തത് ഖേദകരമാണ്. നിഖില്‍ പൈലിയെ മണ്ഡലത്തിലുടനീളം പ്രചാരണത്തിനു വേണ്ടി കൊണ്ടുനടക്കുന്ന യുഡിഎഫിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയണം. യു ഡി എഫ് സ്ഥാനാര്‍ത്ഥി പോലും നിഖില്‍ പൈലി പ്രചാരണം നടത്തുന്നതിനെ ന്യായീകരിക്കുകയുണ്ടായി.”

”കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ധീരജിന്റെ പിതാവ് സ്വന്തം മകനെ കൊലപ്പെടുത്തിയ നിഖില്‍ പൈലിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടു വന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഒരു കൊലയാളിയെ വെള്ളപൂശി താരപ്രചാരകനാക്കി പുതുപ്പള്ളിയില്‍ പ്രചാരണം നടത്തുന്നതില്‍ എന്ത് ധാര്‍മ്മികതയാണ് കോണ്‍ഗ്രസ് മുന്നോട്ട് വെക്കുന്നത്. കെ.സുധാകരന്‍ തന്നെ നിഖില്‍ പൈലിയെ ന്യായീകരിച്ചു മുന്നോട്ട് വന്നത് നാം കണ്ടതാണ്. കൊലപാതകികള്‍ക്ക് സംരക്ഷണവും ഒത്താശയും ചെയ്തു കൊടുക്കുന്ന യൂത്ത് കോണ്‍ഗ്രസിന്റെ സമീപനം മലപ്പുറം തുവ്വൂര്‍ കൊലപാതകത്തിലും പ്രകടമാണ്. കൊലയാളിയെ വിശുദ്ധനാക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരത്തിലുള്ള അധമ രാഷ്ട്രീയത്തിന് കൂടി പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലൂടെ പൊതുജനം ഉത്തരം നല്‍കും. പുതുപ്പള്ളിയില്‍ യുഡിഎഫ് പ്രചാരണം കൊലക്കേസ് പ്രതി നിഖില്‍ പൈലി നിയന്ത്രിക്കുന്ന വിഷയത്തില്‍ ചാണ്ടി ഉമ്മന്‍ മറുപടി പറയണം.”

You may have missed