മധ്യപ്രദേശിൽ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി; സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി
ഡൽഹി: മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാൻ കേവലം 3 മാസം മാത്രം ബാക്കി നിൽക്കേ മന്ത്രിസഭ വികസിപ്പിച്ച് ബിജെപി. ശിവരാജ് സിങ്ങ് ചൗഹാൻ സർക്കാരിൽ പുതുതായി മൂന്ന് പേരെ കൂടി ഉൾപ്പെടുത്തി. ഇതോടെ മന്ത്രിസഭയുടെ അംഗബലം മുപ്പത്തിനാലായി. പുതുതായി തെരഞ്ഞടുക്കപ്പെട്ട മന്ത്രിമാർക്ക് മധ്യപ്രദേശ് ഗവർണ്ണർ മംഗു ഭായ് പട്ടേൽ സത്യവാചകം ചൊല്ലികൊടുത്തു.ഗൗരിശങ്കർ ബൈസൻ, രാജേന്ദ്ര ശുക്ള,രാഹുൽ ലോധി എന്നിവരാണ് പുതുതായി തെരഞ്ഞടുക്കപ്പെട്ട മന്ത്രിമാർ. ഇതിൽ ഗൗരിശങ്കർ ബൈസനും രാജേന്ദ്ര ശുക്ളയും യഥാക്രമം മഹാകൗശൽ മേഖലയിലെയും വിന്ധ്യ മേഖലയിലെയും ശക്തരായ നേതാക്കളാണ്.എന്നാൽ തെരഞ്ഞെടുപ്പിന് മുമ്പ് ജാതി സമവാക്യങ്ങൾ അനുകൂലമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി മന്ത്രിസഭ പുനസംഘടിപ്പിച്ചതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചുണ്ടിക്കാട്ടുന്നത്. നേരത്തെ ലോധി സമുദായത്തിൽ നിന്ന് ഒരു മന്ത്രി പോലും മധ്യപ്രദേശ് മന്തിസഭയിൽ ഇല്ലാത്തതിൽ വിമർശനവുമായി ബിജെപിയുടെ മുതിർന്ന നേതാവ് ഉമാ ഭാരതി അടക്കമുള്ളവർ രംഗത്തുവന്നിട്ടുണ്ട്. ഇതാണ് രാഹുൽ ലോധിക്ക് നറുക്കുവീഴാൻ കാരണമായത്. ഉമാ ഭാരതിയൂടെ അനന്തരവൻ കൂടിയാണ് രാഹുൽ ലോധി. രാഹൂൽ ലോധിയും ഗൗരിശങ്കർ ബൈസനും ഒബിസി വിഭാഗത്തിൽ നിന്നുള്ള നേതാക്കൻമാരാണ്. സംസ്ഥാനത്ത് 45 %- ത്തോള്ളം വരുന്ന ഒബിസി വിഭാഗക്കാരെയാണ് ബിജെപി ഈ നീക്കത്തിലൂടെ ലക്ഷ്യം വെക്കുന്നത്.