ചന്ദ്രയാന്‍ മൂന്ന്; റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ

ബെംഗളൂരു: ചന്ദ്രയാന്‍ മൂന്ന് റോവര്‍ ചന്ദ്രനില്‍ ഇറങ്ങുന്ന കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഐഎസ്ആര്‍ഒ. റോവറിന്റെ പിന്‍ ചക്രങ്ങളിലെ മുദ്രകളും വീഡിയോയില്‍ വ്യക്തമായി കാണാം. ഇതോടെ, ചന്ദ്രോപരിതലം തൊട്ട ലോകത്തിലെ എട്ടാമത്തെ റോവര്‍ ഐഎസ്ആര്‍ഒയുടേതായി. ഐഎസ്ആര്‍ഒയുടെ കുഞ്ഞന്‍ റോവര്‍ ലാന്‍ഡറിന്റെ തുറന്നിട്ട വാതിലിലൂടെ ചന്ദ്രോപരിതലത്തിലേക്ക് ഉരുണ്ടിറങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നത്. റോവറിന്റെ പിന്‍ചക്രങ്ങളില്‍ ഐഎസ്ആര്‍ഒയുടെയും അശോകസ്തംഭത്തിന്റെയും മുദ്രകളുണ്ട്. ചന്ദ്രോപരിതലത്തിലെ നേര്‍ത്ത പൊടിമണ്ണില്‍ ഇന്ത്യന്‍ മുദ്ര പതിയുന്നതും ദൃശ്യങ്ങളില്‍ കാണാം. ചന്ദ്രോപരിതലം തൊടുകയും ഇന്ത്യന്‍ മുദ്ര പതിച്ച ശേഷം റോവര്‍ നില്‍ക്കുന്നത് വരെയുള്ള ദൃശ്യങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടിരിക്കുന്നത്. ആഗസ്റ്റ് 23ന് രാത്രി തന്നെ ലാന്‍ഡര്‍ വാതില്‍ തുറക്കുകയും 24ന് പുലര്‍ച്ചെ റോവര്‍ ചന്ദ്രോപരിതലം തൊടുകയും ചെയ്‌തെങ്കിലും ദൃശ്യങ്ങള്‍ ഇസ്രൊ ഇപ്പോഴാണ് പുറത്തുവിടുന്നത്. ഇനി ലോകം കാത്തിരിക്കുന്നത് റോവറിന്റെ ക്യാമറകള്‍ പകര്‍ത്തിയ ചിത്രങ്ങള്‍ക്കായാണ്. ലാന്‍ഡറിലെ മറ്റ് ക്യാമറകള്‍ പകര്‍ത്തിയ ദൃശ്യങ്ങളും ഇസ്രൊ ഇത് വരെ പുറത്തുവിട്ടിട്ടില്ല. നാളെ രാവിലെ പ്രധാനമന്ത്രി മിഷന്‍ ഓപ്പറേഷന്‍സ് കോംപ്ലക്‌സിലെത്തി ദൗത്യത്തിന്റെ ഭാഗമായ
ശാസ്ത്രജ്ഞരെ നേരിട്ട് അഭിനന്ദിക്കും. ലാന്‍ഡിങ്ങിന് ശേഷം ലാന്‍ഡറിന്റെയും റോവറിന്റെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന പ്രത്യേക സംഘം അവിടെ തുടരുകയാണ്. ലാന്‍ഡറിലെ എല്ലാ ശാസ്ത്ര ഉപകരണങ്ങളും പ്രവര്‍ത്തിപ്പിച്ച് സജ്ജമാക്കിയിട്ടുണ്ട്.