തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി സ്രദ്ദ തവിസിന്‍
തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്യു തായ് പാര്‍ട്ടിയിലെ സ്രദ്ദ തവിസിന്‍ തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിക്കേസില്‍ 8 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടശേഷം പ്രവാസിയായി കഴിഞ്ഞ മുന്‍ പ്രധാനമന്ത്രിയും ഫ്യു തായ് പാര്‍ട്ടിനേതാവുമായ തക്‌സിന്‍ ഷിനവത്ര രാജ്യത്തു തിരിച്ചെത്തി സുപ്രീം കോടതിയില്‍ കീഴടങ്ങിയതിനു തൊട്ടുപിന്നാലെയാണ് പാര്‍ലമെന്റ് സ്രദ്ദയെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുപ്പു കഴിഞ്ഞ് 100 ദിവസം പിന്നിട്ട അനിശ്ചിതത്വത്തിനും നിയമപോരാട്ടത്തിനും കുതിരക്കച്ചവടത്തിനും ഒടുവിലാണിത്. തിരഞ്ഞെടുപ്പില്‍ പുരോഗമന മൂവ് ഫോര്‍വേഡ് പാര്‍ട്ടി മുന്നിലെത്തിയെങ്കിലും യാഥാസ്ഥിതിക ഫ്യു തായ് പാര്‍ട്ടി സഖ്യമുണ്ടാക്കി ഭരണം പിടിച്ചു. 2014ല്‍ തങ്ങളെ അട്ടിമറിച്ച സൈനികപാര്‍ട്ടികളുമായാണു സഖ്യമുണ്ടാക്കിയത്. 2008ല്‍ പ്രധാനമന്ത്രിയായിരിക്കെ, റാച്ചഡാഫിസെകിലെ ഭൂമി കുറഞ്ഞ വിലക്ക് വാങ്ങാന്‍ ഭാര്യ ഖുനിങ് പോത്ജമന്‍ പോംബെജ്രയെ സഹായിച്ച കേസില്‍ സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് തൊട്ടുമുമ്പാണ് ഷിനവത്ര തായ്ലന്‍ഡിലേക്ക് കടന്നത്. അഴിമതിയും നികുതി വെട്ടിപ്പും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടാനായിരുന്നു പലായനം. 20 വര്‍ഷം രാജ്യത്ത് ഇല്ലാതിരുന്നിട്ടും തായ്ലന്‍ഡ് രാഷ്ട്രീയത്തില്‍ തക്സിന്‍ ഷിനവത്ര പ്രബലനായ വ്യക്തിയാണ്. മടങ്ങിയെത്തിയ ഷിനവത്ര അഴിമതി, കോഴ കൊടുക്കല്‍ എന്നീ കുറ്റങ്ങളില്‍ 12 വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടതുണ്ട്. എന്നാല്‍, 74കാരനായതിനാല്‍ ജയിലില്‍ കഴിയേണ്ടിവരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. തായ്ലന്‍ഡില്‍ 70 വയസിന് മുകളില്‍ പ്രായമുള്ള കുറ്റവാളികള്‍ക്ക് പരോളോ, മാപ്പോ അഭ്യര്‍ഥിക്കാന്‍ അര്‍ഹതയുണ്ട്. ചാന്‍ ഓച്ചയുടെ ഉള്‍പ്പെടെ 2 സൈന്യാനുകൂല പാര്‍ട്ടികള്‍ ഉള്‍പ്പെടെ 11 പാര്‍ട്ടികളുടെ സഖ്യസര്‍ക്കാരുണ്ടാക്കാനാണ് സ്രദ്ദയുടെ നീക്കം. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വമ്പനാണു സ്രദ്ദ. ബാങ്കോക്ക് ജയിലിലുള്ള തക്‌സിന്‍ എത്രനാള്‍ അവിടെ കഴിയുമെന്നും വ്യക്തമല്ല. പുതിയ സര്‍ക്കാര്‍ ശിക്ഷ ഇളവു ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്.