April 4, 2025, 2:20 am

സ്വർഗ്ഗം ലഭിക്കാൻ പട്ടിണി കിടന്ന് മരിക്കുന്നവർ

‘പട്ടിണി കിടന്ന് മരിക്കാറായ അവരെ രക്ഷപ്പെടുത്തണമെന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. പക്ഷെ, മരണമായിരുന്നു അവര്‍ക്ക് വേണ്ടത് സ്വർഗത്തിൽ പോയി ദൈവത്തെ കാണമെന്നായിരുന്നു അവരുടെ ആഗ്രഹം. അവരുടെ ആഗ്രഹത്തെ ആര്‍ക്കും തടുക്കാന്‍ സാധിക്കില്ല. ഒന്നും ചെയ്യാന്‍ സാധിക്കാതെ നോക്കിനില്‍ക്കാനേ എനിക്കും സംഘത്തിനും കഴിയുമായിരുന്നുള്ളൂ.’ കെനിയയിലെ മലിന്‍ഡിക്ക് സമീപം ഷകഹോള വനമേഖലയില്‍ പട്ടിണി കിടന്ന് മരണത്തെ കാത്തിരിക്കുന്നവരെ നേരിട്ട് പോയി കണ്ടതിന് ശേഷം വിക്ടര്‍ കൗഡോ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ദാരുണമായിരുന്നു താന്‍ കണ്ട കാഴ്ച്ചകളെന്ന് വിക്ടര്‍ വിശദീകരിച്ചു . ഷകഹോളയില്‍നിന്ന് ഇക്കഴിഞ്ഞ മെയ് 13-നു മാത്രം 22 മൃതദേഹങ്ങളാണ് അധികൃതര്‍ കണ്ടെടുത്തത്. ഇതോടെ മരണപ്പെട്ടവരുടെ സംഖ്യ 200 കടന്നു. മൃതദേഹങ്ങളെല്ലാം കുഴിയില്‍ പകുതി മൂടിയ നിലയിലായിരുന്നു. മരിച്ചവരെല്ലാം നിരാഹാരം കിടന്നിരുന്നുവെന്നാണ് വിവരം. ദുരൂഹമായ കൂട്ടമരണങ്ങളുടെ കാരണം തേടിപ്പോയപ്പോള്‍ വിചിത്രമായ സംഭവങ്ങളാണ് അധികൃതര്‍ക്ക് മുന്‍പില്‍ ചുരുളഴിഞ്ഞുവന്നത്.മരണപ്പെട്ടവരെല്ലാം ദിവസങ്ങളോളം നിരാഹാരം നടത്തി സ്വമേധയാ മരണത്തിലേക്ക് നടന്നടുക്കുകയായിരുന്നുവെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. മോക്ഷം പ്രാപിക്കാന്‍ പട്ടിണിമരണം സ്വയം വരിക്കാന്‍ നിര്‍ദേശിച്ചതാവട്ടെ ഒരു സുവിശേഷകനും. ‘ഗുഡ്‌ ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്’ എന്ന പേരില്‍ ക്രിസ്ത്യന്‍ ആരാധനാ കൂട്ടായ്മയുണ്ടാക്കി പോള്‍ മക്കെന്‍സീ എന്‍തെംഗെ എന്നയാളാണ് മോക്ഷം പ്രാപിക്കാനും സ്രഷ്ടാവിനെയും നേരില്‍ക്കാണാനും പട്ടിണിമരണം ഉപദേശിച്ചത്. മരണപ്പെട്ടവരെല്ലാം ആരാധനാ സംഘത്തിലെ അംഗങ്ങളാണ്.സമുദ്രതീരത്തുള്ള മലിന്‍ഡി പട്ടണത്തിന് സമീപത്തുള്ള പ്രദേശത്തുനിന്ന് ഏപ്രില്‍ മാസത്തോടെയാണ് മൃതദേഹങ്ങള്‍ കിട്ടിത്തുടങ്ങിയത്. തുടര്‍ന്ന് അധികൃതര്‍ തിരച്ചില്‍ വ്യാപകമാക്കി. മെയ് 13 മുതല്‍ ഷകഹോള വനമേഖലയിലേക്കും തിരച്ചില്‍ വ്യാപിപ്പിച്ചു. വനത്തിനുള്ളില്‍നിന്നാണ് കൂടുതല്‍ മൃതദേഹം കണ്ടെത്തിയത്. ആഴം കുറഞ്ഞ കുഴികുത്തി, ഭാഗികമായി മൂടിയ നിലയിലായിരുന്നു അവയുണ്ടായിരുന്നത്. എല്ലാ കുഴിയുടേയും മുകളില്‍ കുരിശ് നാട്ടിയിരുന്നു. ഭക്ഷണമോ വെള്ളമോ ഇല്ലാതെ വിശ്വാസികള്‍ സ്വയംകുഴിച്ച കുഴിയില്‍ മരണത്തെ കാത്തുകിടക്കുകയായിരുന്നുവെന്നാണ് ലഭ്യമായ വിവരങ്ങള്‍ പ്രകാരം അധികൃതര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. എന്‍തെംഗെയുടെ വിശ്വാസധാരയില്‍പ്പെട്ടവര്‍ ഇനിയുമുണ്ടെന്നും അവര്‍ കുറ്റിക്കാടുകളില്‍ ഒളിച്ചിരിപ്പുണ്ടെന്നുമാണ് പോലീസ് പറയുന്നത്. ഇവിടെനിന്ന് ഏതാനും പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയിട്ടുണ്ട്. 112 പേരെ കാണാനില്ലെന്ന് ബന്ധുക്കളോ സുഹൃത്തുക്കളോ ആയവര്‍ അറിയിച്ചതായി ജീവകാരുണ്യ സംഘടനയായ കെനിയ റെഡ്‌ക്രോസ് പറഞ്ഞു. ഇതുവരെ കണ്ടെത്തിയതിലേറെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രിയപ്പെട്ടവരെ ജീവനോടെയോ അല്ലാതെയോ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍ വനത്തില്‍ അങ്ങോളമിങ്ങോളം തിരച്ചില്‍ നടത്തുകയാണ് ബന്ധുക്കള്‍. പട്ടിണിയാണ് കൂട്ടമരണത്തിന്റെ പ്രധാന കാരണമെങ്കിലും മൃതദേഹ പരിശോധനയില്‍ മർദ്ദനത്തിന്റെയോ ശ്വാസം മുട്ടിച്ചതിന്റെയോ കഴുത്തു ഞെരിച്ചതിന്റേയോ പാടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.സ്വർഗ്ഗം പൂക്കുമെന്ന പ്രതീക്ഷയില്‍ മരണത്തെ പുല്‍കിയവരെല്ലാം പോള്‍ എന്‍തെംഗ മക്കെന്‍സി എന്ന സുവിശേഷകന്റെ നിർദ്ദേശം പിന്തുടര്‍ന്നവരാണ്. മുമ്പ്‌ കാര്‍ ഡ്രൈവറായി പ്രവര്‍ത്തിക്കുകയായിരുന്ന മക്കെന്‍സി ‘ദൈവവിളി’ ലഭിച്ചുവെന്ന് അവകാശപ്പെട്ട് സുവിശേഷകനായി മാറുകയായിരുന്നു. ലോകം അവസാനിക്കാന്‍ പോവുകയാണെന്നായിരുന്നു മക്കെന്‍സിയുടെ പ്രഖ്യാപനം. അതില്‍നിന്ന് രക്ഷപ്പെടാന്‍ വിശ്വാസികള്‍ ഷകഹോളയില്‍ തന്റെ ഉടമസ്ഥതയിലുള്ള പ്രദേശത്തേക്ക് മാറണമെന്ന് മക്കെന്‍സി ആവശ്യപ്പെട്ടു. സമ്പൂർണ്ണ നാശത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഷകഹോളയാണ് സുരക്ഷിതമായ സങ്കേതം എന്നായിരുന്നു മക്കെന്‍സിയുടെ അവകാശവാദം. എന്നാല്‍, സുരക്ഷിതകേന്ദ്രത്തിന് പകരം ഷകഹോള എന്ന 800 ഏക്കര്‍ വനമേഖല മരണത്തിന്റെ സങ്കേതമായി, കുറ്റകൃത്യങ്ങളുടെ കേന്ദ്രമായി മാറി. വനത്തിലെ പല മേഖലകളും പട്ടിണി കിടന്ന് മരിച്ച വിശ്വാസികളുടെ അല്ലെങ്കില്‍, മക്കെന്‍സി ആഗ്രഹിച്ചതുപോലെ ദൈവത്തെ കാണാനായി സ്വയം ക്രൂശിക്കപ്പെട്ടവരുടെ കുഴിമാടങ്ങളാല്‍ നിറഞ്ഞു.പട്ടിണി കിടന്ന് മരിക്കുന്നതില്‍നിന്ന് വിശ്വാസികളെ വിലക്കി ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു. എന്നാല്‍, ഭക്ഷണമോ വെള്ളമോ കഴിക്കാന്‍ കൂട്ടാക്കാതെ പലരും വനത്തിലേക്ക് ഓടിയൊളിക്കുകയായിരുന്നു. തങ്ങള്‍ അനുഭവിക്കുന്ന കഷ്ടപ്പാടില്‍നിന്ന് രക്ഷപ്പെടണമെന്ന് ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കിലും പോള്‍ മക്കെന്‍സിയുടെ കൂട്ടാളികള്‍ ഇവരെ രക്ഷപ്പെടാന്‍ അനുവദിച്ചില്ല. വിശ്വാസികള്‍ ആരും വ്രതം ഇടയ്ക്കുവെച്ച് അവസാനിപ്പിക്കുന്നില്ലെന്നും വനത്തില്‍ ജീവനോടെ അവസാനിക്കുന്നില്ലെന്നും ഉറപ്പാക്കാന്‍ ഒരു നിരീക്ഷണ സംഘവും റോന്ത് ചുറ്റിയിരുന്നു. പട്ടിണിമരണം മോക്ഷം നല്‍കുമെന്ന വിശ്വാസം അവര്‍ വിശ്വാസികളില്‍ അടിച്ചേല്‍പ്പിച്ചു കൊണ്ടിരുന്നു. വിശ്വാസം രൂക്ഷമായ പലരും കുടുംബത്തെ ഉപേക്ഷിച്ചോ കുടുംബത്തോടൊപ്പമോ സര്‍വവും ഉപേക്ഷിച്ച് ഷകഹോളയില്‍ കഴിയുകയായിരുന്നു.’ഷകഹോള കൂട്ടക്കൊല’ എന്നാണ് കെനിയന്‍ മാധ്യമങ്ങള്‍ ദാരുണമായ ഈ സംഭവത്തെ വിശേഷിപ്പിച്ചത്. ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ശക്തവും പരിഷ്‌കൃതവും സുസ്ഥിരവുമായ ഒരു രാജ്യമായാണ് കെനിയയെ കണക്കാക്കുന്നത്. എന്നിട്ടും ഇത്തരമൊരു സംഭവത്തെ തുടക്കത്തിലേ തിരിച്ചറിയാനും തടയാനും കഴിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് വിശദീകരണം നല്‍കാനാവാതെ പെടാപ്പാട് പെടുകയാണ് സര്‍ക്കാരും പൊലീസും. ഷകഹോളയാവട്ടെ സാവോ നാഷണല്‍ പാര്‍ക്ക്, ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ തീരമേഖല എന്നിങ്ങനെ കെനിയയിലെ തന്നെ രണ്ട് പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. ഷകഹോളയിലെ ദാരുണ മരണങ്ങള്‍ക്ക് പിന്നിലെ മുപ്പതോളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്‍തെംഗെയേയും പോലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ വളരെ വിചിത്രമായ ന്യായമാണ് എന്‍തെംഗെ പോലീസിന് മുന്നില്‍ വിശദീകരിച്ചത്. തന്റെ അനുയായികളോട് ഭക്ഷണം കഴിക്കരുതെന്ന് താന്‍ ഒരിക്കലും ആജ്ഞാപിച്ചിട്ടില്ലെന്നും വിശുദ്ധ പുസ്തകത്തില്‍ പ്രവചിച്ചിരിക്കുന്ന അന്ത്യകാല വേദനകളെ കുറിച്ച് മാത്രമാണ് താന്‍ പ്രസംഗിച്ചതെന്നായിരുന്നു എന്‍തെംഗെ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.