November 27, 2024, 9:26 pm

നിഗൂഢതകൾ നിറഞ്ഞ ‘പാവകളുടെ ദ്വീപ്’

1970 മുതൽ ലോകത്തെ ഞെട്ടിച്ചു കൊണ്ടിരിക്കുകയാണ് ഒരു പാവ. ‘മനുഷ്യരെ പേടിപ്പിക്കുകയോ, അതും ജീവനില്ലാത്ത വെറും പാവ’ എന്നു ചിരിച്ചു തള്ളുന്നവർക്കു മുന്നിലേക്ക് ഉത്തരവുമായി ഇത്തവണ എത്തുന്നത് ‘അനബെൽ: ക്രിയേഷൻ’ എന്ന സിനിമയും. ലോകത്തെ ഏറ്റവും പേടിപ്പെടുത്തുന്ന ഈ പാവയുടെ കഥയ്ക്ക് അൻപതു വർഷത്തോളം പഴക്കമായിരിക്കുന്നു. ഒരു നഴ്സിങ് വിദ്യാർഥിക്ക് സമ്മാനമായി ലഭിച്ച പാവയിലാണ് അനബെൽ ഹിഗിൻസ് എന്ന പെൺകുട്ടിയുടെ ആത്മാവ് കുടികൊള്ളുന്നതായി കണ്ടെത്തിയത്. പ്രേതസാന്നിധ്യം കണ്ടെത്തി അതിന് വേണ്ടിയുളള പരിഹാരം കാണുന്ന പാരാനോർമൽ ഇൻവെസ്റ്റിഗേറ്റർമാരായ ദമ്പതികൾ എഡ് വോറനും, ലൊറെയ്നുമാണ് അനബെല്ലിന്റെ ആത്മാവിനെയും തിരിച്ചറിഞ്ഞത്.വൻവാർത്താപ്രാധാന്യവും നേടി ഈ സംഭവം. ഇതിനോടകം ഒട്ടേറെ സിനിമകൾക്കും വിഷയമായി. എഡും, ലൊറെയ്നും ചേർന്നൊഴിപ്പിച്ച ആത്മാക്കൾ കുടികൊള്ളുന്ന വസ്തുക്കളുടെ മ്യൂസിയത്തിലാണ് ഇതിനെ ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്. നുണയെന്നു പറഞ്ഞ് തള്ളിക്കളയുന്നവർക്കു പോലും ഉത്തരം നൽകാനാകാത്ത ഒട്ടേറെ സംഭവങ്ങളുണ്ട് അനബെൽ പാവയുമായി ബന്ധപ്പെട്ട്. പക്ഷേ പറഞ്ഞുവരുന്നത് ആ പാവയെപ്പറ്റിയല്ല, അതുപോലുള്ള ഒരായിരം പാവകളെപ്പറ്റിയാണ്. ഒരൊറ്റപ്പാവ തന്നെ ഇത്രയേറെ ഭീതി വിതയ്ക്കുമ്പോൾ ആയിരക്കണക്കിനു പാവകൾ നിറഞ്ഞ ദ്വീപിന്റെ അവസ്ഥ ആലോചിക്കാവുന്നതല്ലേയുള്ളൂ!

മെക്സിക്കോ സിറ്റിയിൽ നിന്ന് രണ്ടു മണിക്കൂർ നേരത്തെ യാത്ര കൊണ്ട് എത്തിച്ചേരാനാകും ഈ പാവദ്വീപിൽ. വഞ്ചിയിൽ കരയ്ക്കടുക്കുമ്പോൾ ദൂരെ നിന്നേ കാണാം മരങ്ങളിലും വേലിപ്പടർപ്പുകളിലും തൂങ്ങിയാടുന്ന പാവകൾ. അടുക്കുമ്പോൾ കാഴ്ച കൂടുതൽ ഭീതിദമാകും. പല പാവകൾക്കും കൈയ്യും കാലുമില്ല. ചിലതിന് തല മാത്രം. ചിലത് മുടിയിഴകളിൽ തൂക്കിയിട്ടിരിക്കുന്നു. തടിച്ചതും മെലിഞ്ഞതുമായ പാവകളുണ്ട്, അവയുടെ ദേഹത്ത് ചെതുമ്പൽ പിടിച്ചതു പോലെ അടയാളങ്ങൾ. അവയുടെ കണ്ണുകൾ പേടിപ്പെടുത്തുന്ന വിധത്തിലുള്ളതാണ്. ചിലത് നമ്മെത്തന്നെ തുറിച്ചുനോക്കുന്നതു പോലെത്തോന്നും. വെള്ളാരങ്കല്ലു പോലുള്ളതും ഇടിച്ചു തകർത്തതുമായ കണ്ണുകൾ. ചിലതിന്റെ ദേഹമാകെ ചോരനിറം, ചിലതിന് കോമ്പല്ലുകൾ, ചിലത് നമ്മെ നോക്കി ചിരിക്കുന്നതായി കാണാം. കാലപ്പഴക്കം കാരണം മിക്കതിലും എട്ടുകാലി വലകൾ. ചില പാവകളുടെ കണ്ണുകളിലും വായിലും പുഴുക്കളേയും, വണ്ടുകളേയും കാണാൻ കഴിയും. ഈ ദ്വീപ് സന്ദർശിച്ച പലർക്കും പ്രേതാനുഭവമുണ്ടായതായും പറയപ്പെടുന്നു. അതിന് ബലം പകരുന്ന ഒരു കഥയാണ് ഈ പാവദ്വീപിനു പിന്നിലുള്ളതും. സംഗതി കഥയല്ല, യാഥാർഥ്യമാണ്! ‘ചൈനാംപാസ്’ എന്നാണ് പ്രദേശവാസികൾക്കിടയിൽ ആ കൊച്ചുദ്വീപ് അറിയപ്പെടുന്നത്. 1970കളിൽ ജൂലിയൻ സാന്റാന ബെറ എന്നയാൾ ഇവിടേക്ക് തന്റെ താമസം മാറ്റി. ദ്വീപിൽ പൂക്കളും പച്ചക്കറിയുമെല്ലാം കൃഷി ചെയ്ത് വിദൂരത്തുള്ള ടൗണിൽ കൊണ്ടുപോയി വിറ്റായിരുന്നു ജീവിതം. ആരോടും മിണ്ടാതെ, ദ്വീപിലെ മരക്കൂട്ടങ്ങൾക്കിടയിൽ തട്ടിക്കൂട്ടിയ ഒരു വീട്ടിലായിരുന്നു ജീവിതം. ഒരുനാൾ ദ്വീപിലെ പതിവു ചുറ്റിക്കറങ്ങലിനിടെയാണ് ജൂലിയൻ ഞെട്ടിക്കുന്ന ആ കാഴ്ച കണ്ടത്. വെള്ളത്തിൽ വിറങ്ങലിച്ചു കിടക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ മൃതശരീരം. ആരാണെന്നോ എവിടെ നിന്നു വന്നതാണെന്നോ അറിയില്ല. പിന്നീടായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. രാത്രിയിൽ വീടിനും ചുറ്റിലും കുഞ്ഞുകാലടിയൊച്ചകൾ, വിദൂരത്തു നിന്ന് ഏതോ പെൺകുട്ടിയുടെ വേദന നിറഞ്ഞ കരച്ചിൽ, വനത്തിൽ ആരൊക്കെയോ പിറുപിറുക്കുന്നു…തൊട്ടടുത്ത ദിവസം ആ പെൺകുട്ടിയുടെ മൃതദേഹം കിടന്ന അതേസ്ഥലത്ത് ഒരു പാവക്കുട്ടി ഒഴുകിയെത്തി. ഉടമസ്ഥയെ അന്വേഷിച്ചു വന്നതാകാമെന്ന തോന്നലിൽ ആ പാവയെ ജൂലിയൻ സമീപത്തെ ഒരു മരത്തിൽ കെട്ടിനിർത്തി. പക്ഷേ രാത്രിയിലെ കരച്ചിലും ശബ്ദങ്ങളും നിലച്ചില്ല. നഗരത്തിൽ നിന്ന് കിലോമീറ്ററുകളോളം ദൂരെയായതിനാൽ ദ്വീപിൽ മറ്റു ശബ്ദങ്ങളൊന്നും എത്തുകയുമില്ല. എന്തായാലും അതോടെ ദ്വീപിലേക്ക് ഒഴുകിയെത്തുന്ന കളിപ്പാട്ടങ്ങളും പാവകളുമെല്ലാം ജൂലിയൻ ശേഖരിച്ച് മരങ്ങളിലും തന്റെ വീടിനു ചുറ്റുമുള്ള കമ്പിവേലിയിലുമെല്ലാം സ്ഥാപിച്ചു. താൻ കണ്ട പെൺകുട്ടിയുടേതുൾപ്പെടെ മരിച്ചവരുടെയെല്ലാം ആത്മാക്കൾ ഓരോ പാവകളിലേക്കും പ്രവേശിക്കുമെന്നായിരുന്നു ജൂലിയന്റെ വിശ്വാസം. താമസിക്കാൻ ഇടം കിട്ടുമെന്നതിനാൽ അവ തന്നെ ഉപദ്രവിക്കില്ലെന്നും ജൂലിയൻ കരുതി. ദിനംപ്രതി പാവകളുടെ എണ്ണം കൂടി, അവ ആയിരക്കണക്കിനായി. ദ്വീപുനിറയെ പലതരത്തിലുള്ള പാവകൾ തൂങ്ങിയാടി. 2001ൽ ദ്വീപിലെത്തിയ ഒരു ബന്ധുവാണ് കണ്ടെത്തിയത്, പണ്ട് ആ പെൺകുട്ടി മരിച്ചുകിടന്ന അതേസ്ഥലത്ത് ജൂലിയനും മരിച്ചു കിടക്കുന്നു! അദ്ദേഹത്തിന്റെ ആത്മാവും ദ്വീപിലെ പാവകളിലൊന്നിൽ പ്രവേശിച്ചുവെന്നാണ് പിന്നീടു പടർന്ന കഥ. ജൂലിയന്റെ കുടുംബം പിന്നീട് ഈ ദ്വീപ് ഏറ്റെടുത്തു. www.isladelasmunecas.com എന്ന പേരിൽ ഒരു ഔദ്യോഗിക വെബ്സൈറ്റ് വഴി ടൂറിസവും ചെയ്യുന്നു. ഐക്യരാഷ്ട്രസഭ ഹെറിറ്റേജ് സൈറ്റ് ആയും പ്രഖ്യാപിച്ചിട്ടുണ്ട് ഈ പ്രദേശത്തെ.

You may have missed