സഞ്ചാര കേന്ദ്രങ്ങളായ ഉപേക്ഷിക്കപ്പെട്ട നഗരങ്ങൾ
ഒരിക്കൽ വളരെ തിരക്കേറിയതും ആളനക്കവുമുള്ള പല നഗരങ്ങളും കാലങ്ങൾക്കിപ്പുറം ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നതു പലയിടത്തും കാണാറുള്ളതാണ്. എന്നാൽ ഇങ്ങനെയുള്ള ചില സ്ഥലങ്ങൾ പിൽക്കാലത്തു തിരക്കുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയിട്ടുണ്ട്. ലോകമെമ്പാടും ഇത്തരത്തിലുള്ള സ്ഥലങ്ങൾ അനവധിയുണ്ട്. യുദ്ധസ്മാരകങ്ങളും ഖനികളും അണുബോംബ് വർഷിച്ച സ്ഥലവുമെല്ലാം അതിൽ പെടും.ഒരിക്കൽ ഉപേക്ഷിക്കപ്പെട്ടതും തിരക്കുള്ളതുമായ ചില വിനോദസഞ്ചാരകേന്ദ്രങ്ങൾ ഇതാ ….
കോൾമാൻസ്കോപ്പ്, നമീബിയ
നിങ്ങൾ കോൾമാൻസ്‌കോപ്പിൽ എത്തുമ്പോൾ, നമീബ് മരുഭൂമിയിലെ കഠിനമായ ചൂടായിരിക്കും ആദ്യം തന്നെ വരവേൽക്കുക. കുന്നിൻ പ്രദേശത്തിന് ചുറ്റും ചിതറിക്കിടക്കുന്ന, വലുതും ചെറുതുമായ കെട്ടിടങ്ങളുടെ നീണ്ടനീര. അവിടെ ജർമ്മൻ ഭാഷയിൽ ഫ്രാക്റ്റൂർ എന്നെഴുതിയ ഒരു ചൂണ്ടുപലക കാണാം. ഒരുകാലത്ത് നമീബിയയിലെ ഏറ്റവും സമ്പന്നമായ വജ്ര നഗരത്തിലേക്കുള്ള വഴിയാണത്. അതെ നമീബിയയുടെ പ്രതാപകാലത്തെ വിളിച്ചോതുന്ന ഡയമണ്ട് സിറ്റി എന്നു വിളിപ്പേരുള്ള കോൾമാൻസ്കോപ്പ് ഇന്നു നമീബീയൻ മരുഭൂമിയുടെ മണലാരണ്യത്തിൽ ഒളിച്ചുകിടക്കുന്നൊരു നിഗൂഡതയാണ്. ഒന്നാം ലോകമഹായുദ്ധത്തിന് മുമ്പ്, നമീബ് മരുഭൂമിയിലെ മണലിൽ നിന്ന് 2000 പൗണ്ട് ഏകദേശം1000 കിലോ വജ്രങ്ങൾ കുഴിച്ചെടുത്തിട്ടുണ്ടെന്നാണ് ചരിത്രകണക്കുകൾ. അങ്ങനെ കോൾമാൻസ്കോപ്പ് ഒരു വജ്രനഗരമായി മാറി. എന്നാൽ, യുദ്ധസമയത്ത് വജ്രങ്ങളുടെ വില ഗണ്യമായി കുറയുകയും കോൾമാൻസ്കോപ്പിൽ നിന്നും ലഭിച്ചിരുന്ന വജ്രത്തേക്കാൾ വലിപ്പമുള്ളവ അടുത്തുള്ള ഓറഞ്ചെമുണ്ടെ എന്ന പ്രദേശത്ത് കണ്ടെത്തിയതോടെ ആളുകൾ അങ്ങോട്ട് മാറുകയും ചെയ്തു. 1956 ആയപ്പോഴേക്കും നഗരം പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു. ഇന്ന്, ഈ വിചിത്രമായ പ്രേത നഗരം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. മണൽ നിറഞ്ഞ വീടുകളും കെട്ടിടങ്ങളും കാണാൻ ഗൈഡഡ് ടൂറുകളുമുണ്ട്.
ഒറാഡോർ സുർ ഗ്ലെയ്ൻ, ഫ്രാൻസ്
രണ്ടാം ലോക മാഹായുദ്ധത്തിനുമുൻപ്, മധ്യ ഫ്രാൻസിലെ ശാന്തവും സുന്ദരവുമായൊരു ഗ്രാമമായിരുന്നു ഒറഡോർ സുർ ഗ്ലെയ്ൻ. എന്നാൽ ഒരു പ്രഭാതത്തിൽ എല്ലാം നാമാവശേഷമായി. ഒരു നാട് തന്നെ പൂർണ്ണമായും തുടച്ചുനീക്കപ്പെട്ട നിമിഷങ്ങളാണ് പിന്നെ അവിടെ അരങ്ങേറിയത്. കൃത്യമായി പറഞ്ഞാൽ 1944-ൽ, രണ്ടാം ലോകമഹായുദ്ധത്തിന്റെ ഡി-ഡേയ്ക്ക് 4 ദിവസം മുൻപ് ജർമ്മനിയുടെ എസ്എസ് സൈന്യം ഗ്രാമത്തിലെ കുട്ടികളടക്കമുള്ള 642 മനുഷ്യരെ ചുട്ടുകൊന്നു. അന്ന് ഉപേക്ഷിക്കപ്പെട്ട ആ ഗ്രാമത്തിൽ കഴിഞ്ഞ 75 വർഷമായി തകർന്ന മതിലുകളും ഉപേക്ഷിക്കപ്പെട്ട കാറുകളും മറ്റ് വീട്ടുപകരണങ്ങളും അങ്ങനെ തന്നെ സംരക്ഷിക്കപ്പെട്ടിരിക്കുകയാണ്. ഒരിക്കൽ കൂട്ടക്കൊല നടന്ന ഗ്രാമം ഇന്നു തിരക്കുള്ള വിനോദസഞ്ചാരകേന്ദ്രമാണ്. ഈ ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഫ്രഞ്ചുകാർക്കു മാത്രമല്ല, നാസി അടിച്ചമർത്തലിന്റെയും ക്രൂരതയുടേയും നേർസാക്ഷ്യമായി , ഓർമപ്പെടുത്തലായി ലോകത്തിനു മുന്നിലും വർത്തിക്കുന്നു.
മാണ്ഡു, മധ്യപ്രദേശ്
നമ്മുടെ രാജ്യത്തുമുണ്ട് ഇതുപോലെ ഉപേക്ഷിക്കപ്പെട്ടതും എന്നാൽ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ടതുമായ ഒരു ഇടം. കോട്ടകളും കൊട്ടാരങ്ങളുംകൊണ്ട് നിറഞ്ഞ രാജസ്ഥാനാണല്ലോ രാജ്യത്തെ ഏറ്റവുമധികം ചരിത്രസ്മാരകങ്ങളുള്ള ഒരു സംസ്ഥാനം. എന്നാൽ രാജസ്ഥാനിലെ കോട്ടകൊത്തകങ്ങളെ വെല്ലുന്ന ഒരു വാസ്തുവിദ്യ വിസ്മയമാണ് മധ്യപ്രദേശിലെ മാണ്ഡു. ചരിത്ര ലിഖിതങ്ങൾ അനുസരിച്ച്, ഏകദേശം ആറാം നൂറ്റാണ്ടിൽ മാണ്ഡു ഒരു തിരക്കേറിയ നഗരമായിരുന്നു. പഴയ പട്ടണമായ മാണ്ഡുവിൽ ഇന്ന് അവശേഷിക്കുന്നത് ഒരു കാലത്തിന്റെ ഓർമകളായ കോട്ടയും കൊട്ടാരങ്ങളും അനുബന്ധഘടനകളും മാത്രമാണ്. ഡൽഹി സുൽത്താനേറ്റും ഘുരി രാജവംശവും ഉൾപ്പെടെ നിരവധി ഭരണാധികാരികൾ വന്നു പോയ ഇടമാണിത്. മാണ്ഡു സുൽത്താൻ ഗിയാസ്-ഉസ്-ദിൻ ഖിൽജിയുടെ ഭരണകാലത്ത് നിർമിച്ച ഒരു വിസ്മയിപ്പിക്കുന്ന നിർമിതിയാണ് ഇവിടുത്തെ പ്രസിദ്ധമായ ജഹാസ് മഹൽ. സുൽത്താന്റെ ഭാര്യമാരായ 15,000 സ്ത്രീകൾക്ക് വേണ്ടിയാണ് ഈ കെട്ടിടം നിർമ്മിച്ചത്. കുളത്തിന്റെ ഉപരിതലത്തിൽ കപ്പൽ പൊങ്ങിക്കിടക്കുന്നപോലെയാണ് ഈ കൊട്ടാരത്തിന്റെ നിർമിതി. അഫ്ഗാൻ, മുഗൾ, ഹിന്ദു, മെസൊപ്പൊട്ടേമിയൻ വാസ്തുവിദ്യാ ശൈലികളുടെ സംയോജനമാണ് ഈ കപ്പൽ കൊട്ടാരം. നാലു നൂറ്റാണ്ടുകളായി ഇത് ആൾത്താമസമില്ലാതെ ആയിട്ടെങ്കിലും ഇന്ന് മധ്യ ഇന്ത്യയുടെ ഹംപി എന്ന് വിളിപ്പേരുള്ള ടൂറിസം സ്പോട്ടാണ് മാണ്ഡു.