April 4, 2025, 2:05 am

അമേരിക്കയിലെ വിമാനങ്ങളുടെ ശവപ്പറമ്പ്

അമേരിക്കയിലെ അരിസോണ മരുപ്രദേശമാണ്. എന്നാല്‍ കണ്ണെത്താദൂരത്ത് ചിട്ടയോടെ അടുക്കിയിട്ടിരിക്കുന്ന വിമാനങ്ങള്‍ അരിസോണയില്‍ കാണാം. പലതും പ്രവര്‍ത്തനക്ഷമമാണ്. ചരിത്രത്തിന്‍റെ ഭാഗമായ എയര്‍ക്രാഫ്റ്റുകളും കാണാം ഇവിടെ. ഇവിടമാണ് വിമാനങ്ങളുടെ ശവപ്പറമ്പ്. ഡേവിസ് മോന്റന്‍ എയര്‍ഫോഴ്‌സ് ബേസ് എന്നാണ് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ അടക്കമുള്ളവയുടെ ശവപ്പറമ്പ് അറിയപ്പെടുന്നത്. ഇത്തരം ശവപ്പറമ്പുകള്‍ രാജ്യത്ത് നിരവധിയുണ്ടെങ്കിലും ഏറ്റവും വലുത്‌ അമേരിക്കയിലെ അരിസോണയിലെ ബോണ്‍യാഡ്‌ എന്നറിയപ്പെടുന്ന ഈ സൂക്ഷിപ്പുകേന്ദ്രമാണ്‌. 27000 ഏക്കര്‍ സ്ഥലത്ത്‌ അരിസോണയിലെ മരുഭൂമിയില്‍ അതങ്ങനെ പരന്നുകിടക്കുകയാണ്‌. ആര്‍ദ്രത തീരെക്കുറഞ്ഞ ഇവിടെ മഴയുമില്ല. അമ്ലതയില്ലാത്ത അന്തരീക്ഷമായതിനാല്‍ ലോഹങ്ങളുടെ സ്വാഭാവികമായുള്ള നാശം തീരെ കുറവുമായിരിക്കും. ഇവിടെയെത്തുന്ന വിമാനങ്ങളില്‍ പലതും റിപ്പയര്‍ ചെയ്തു പുനരുപയോഗിക്കുന്നവയാണ്‌. അതിനു സാധ്യതയില്ലാത്തവ ഉപയോഗിക്കാന്‍ പറ്റുന്ന ഭാഗങ്ങള്‍ അഴിച്ചെടുത്തതിനുശേഷം ലോഹത്തിന്റെ വിലയ്ക്ക്‌ വില്‍ക്കും. ഏതാണ്ട്‌ 4400 വിമാനങ്ങള്‍ ആണ്‌ ഇവിടെയുള്ളത്‌. ഓരോ വിമാനവും എത്തുമ്പോള്‍ അതിന്റെ പൂര്‍വകാലചരിത്രം അടങ്ങിയ രേഖകളും അതോടൊപ്പം ഇവിടെയെത്തുന്നു. ആയുധങ്ങളും സീറ്റുകളും വിലപിടിച്ചസാധങ്ങളുമെല്ലാം അഴിച്ചുമാറ്റും.
തുടര്‍ന്നു വിമാനങ്ങള്‍ കഴുകിവൃത്തിയാക്കും. ഇന്ധനം നീക്കി കാലാവസ്ഥയില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റുന്നരീതിയില്‍ ചായമടിച്ച്‌ ഓരോതരം വിമാനങ്ങള്‍ക്കും നിശ്ചയിച്ച സ്ഥലത്തുപാര്‍ക്കുചെയ്യുന്നു. ഒരുകാലത്ത് അമേരിക്കക്ക് വേണ്ടി യുദ്ധമുഖങ്ങളില്‍ ചീറി പാഞ്ഞിരുന്ന പോര്‍വിമാനങ്ങളാണ് പ്രായാധിക്യത്താല്‍ മരുഭൂമിയിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുന്നത്. ആണവായുധശേഷിയുള്ള ബി 52 ബോംബര്‍ വിമാനങ്ങള്‍ വരെ അരിസോണയിലെ വ്യോമതാവളത്തില്‍ കഴിയുന്നുണ്ട്.